15 December Saturday

കിസാൻ മസ‌്ദൂർ സംഘർഷ‌് റാലി : പ്രചാരണജാഥകൾ 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


കേന്ദ്ര സർക്കാരിന്റെ തൊഴിലാളി‐ കർഷകവിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും സെപ്തംബർ അഞ്ചിന‌് പാർലമെന്റിലേക്ക് നടത്തുന്ന കിസാൻ‐ മസ്ദൂർ സംഘർഷ് റാലിയുടെ പ്രചാരണജാഥകൾ ഒമ്പത‌് മുതൽ പര്യടനം തുടങ്ങും. സിഐടിയു സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ 9 മുതൽ 14 വരെ മൂന്ന‌് മേഖലാജാഥകളാണ‌് സംസ്ഥാനത്ത‌് പര്യടനം നടത്തുക. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ക്യാപ്റ്റനായ വടക്കൻ മേഖലാ ജാഥ ഒമ്പതിന‌് വൈകിട്ട‌് അഞ്ചിന‌്  മലപ്പുറം എടപ്പാളിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനംചെയ്യും. കെ പി സഹദേവൻ  മാനേജരും കൂട്ടായി ബഷീർ, ടി കെ രാജൻ, പി പി പ്രേമ, കെ എസ് സുനിൽകുമാർ എന്നിവർ അംഗങ്ങളുമായ ജാഥ 10ന‌് മലപ്പുറം, 11ന‌് കോഴിക്കോട്, 12ന‌് വയനാട്, 13 ന‌്‌ കണ്ണൂർ, 14ന‌് കാസർകോട‌് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ ക്യാപ്റ്റനായ മധ്യമേഖലാജാഥ ഒമ്പതിന‌് വൈകിട്ട‌് അഞ്ചിന‌് പാലക്കാട് പട്ടാമ്പിയിൽ  എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ്യും. എം ചന്ദ്രൻ  മാനേജരും കെ എൻ ഗോപിനാഥ്, കെ പി മേരി, യു പി ജോസഫ്, കെ കെ ഗണേശൻ എന്നിവർ അംഗങ്ങളുമായുള്ള ജാഥ 10ന‌് പാലക്കാട്, 11ന‌് തൃശൂർ, 12 നും 13 ന് ഉച്ചവരെയും എറണാകുളം, 13 ന് ഉച്ചയ‌്ക്കുശേഷവും 14 നും  ഇടുക്കി എന്നിവിടങ്ങളിലും പര്യടനം നടത്തും.

സിഐടിയു ദേശീയ സെക്രട്ടറി  കെ ചന്ദ്രൻപിള്ള ക്യാപ്റ്റനായ ദക്ഷിണ മേഖലാ ജാഥ ഒമ്പതിന‌് വൈകിട്ട‌് അഞ്ചിന‌് കോട്ടയം വൈക്കത്ത് മന്ത്രി ടി  പി രാമകൃഷ്ണൻ ഉദ‌്ഘാടനംചെയ്യും. നെടുവത്തൂർ സുന്ദരേശൻ മാനേജരും പി പി ചിത്തരഞ്ജൻ, വി സി കാർത്യായനി, സി കെ ഹരികൃഷ്ണൻ, മുരളി മടന്തകോട്, കെ ജയപ്രകാശ് എന്നിവർ അംഗങ്ങളുമായ ജാഥ 10ന‌് കോട്ടയം, 11ന‌് ആലപ്പുഴ, 12ന‌് പത്തനംതിട്ട, 13ന‌് കൊല്ലം, 14ന‌് തിരുവനന്തപുരം എന്നിങ്ങനെ പര്യടനം നടത്തും.

മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിൽനിയമ ഭേദഗതികൾ‐ പൊതുമേഖലാ സ്വകാര്യവൽക്കരണം എന്നിവ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക,വിളകൾക്ക് മതിയായ സംഭരണ വില നൽകുതുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്റ് മാർച്ച്.ജാഥകൾ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top