Top
18
Monday, December 2017
About UsE-Paper

കേരളം ബിസിനസ് സൌഹൃദം: മുഖ്യമന്ത്രി

Thursday Nov 17, 2016
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ശക്തമായ സാമ്പത്തികാടിത്തറയുള്ള കേരളത്തിന്റെ ബിസിനസ് മേഖലയില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള നിക്ഷേപകസമൂഹത്തെയും വ്യവസായികളെയും ക്ഷണിച്ചു. കേരളം ബിസിനസ് സൌഹൃദ സംസ്ഥാനമാണ്.  എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഉല്‍പ്പാദന, സേവന മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. ബിസിനസ് പ്രോത്സാഹിപ്പിക്കാന്‍ കേരളം  വാതില്‍ തുറന്നിടുകയാണ്- അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഫിക്കിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വ്യാപാര്‍- 2017ന്റെ മുന്നോടിയായി വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്നോട്ടുകുതിക്കുന്ന സമ്പദ്വ്യവസ്ഥ, വ്യവസായ- സൌഹൃദ നിയമങ്ങള്‍, സുലഭമായ വൈദ്യുതി, നൈപുണ്യമുള്ള തൊഴില്‍സേന എന്നിവയാണ് സംരംഭകര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന മെച്ചങ്ങള്‍. ടൂറിസം, ആരോഗ്യപരിരക്ഷ, വിവരസാങ്കേതികവിദ്യ, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ കേരളം മികവ് തെളിയിച്ചിട്ടുണ്ട്. വ്യാപാരശേഷിയും ഉല്‍പ്പാദനമേന്മയും രാജ്യത്തിനകത്തും പുറത്തും തെളിയിച്ചു. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ മികവ് വര്‍ധിപ്പിക്കും. ഈ മികവ് വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ വേദിയൊരുക്കും.

കൈത്തറി, ആയുര്‍വേദം, നാട്ടുമരുന്നുകള്‍, പരമ്പരാഗത കരകൌശലം തുടങ്ങിയ മേഖലകളിലെ ചെറുകിട- ഇടത്തരം സംരംഭ ങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. വ്യാപാര്‍-2017 കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുകയും അവയുടെ വിപണനസാധ്യത മെച്ചപ്പെടുത്തുകയും ആഗോളവിപണിയില്‍ പ്രവേശിക്കാന്‍ ഉല്‍പ്പാദനമേഖലയെ സഹായിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള സ്ഥാനപതിമാര്‍ ഉള്‍പ്പെടെ  നയതന്ത്രപ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് കൊച്ചി ബോള്‍ഗാട്ടി ദ്വീപില്‍ ഫെബ്രുവരി രണ്ടുമുതല്‍ നാലുവരെയാണ് വ്യാപാര്‍- 2017. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്  മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യടുഡെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളം ഏറ്റവും സുരക്ഷിതവും ആരോഗ്യകരവും പരിസ്ഥിതിസൌഹൃദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫിക്കി മുന്‍ പ്രസിഡന്റ് ഓംകാര്‍ കന്‍വര്‍,  ഫിക്കി കേരള ഘടകം ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര സാമ്പത്തികകാര്യ സ്പെഷ്യല്‍ സെക്രട്ടറി ദിനേശ് ശര്‍മ, കേന്ദ്ര ചെറുകിട- ഇടത്തരം വ്യവസായ ജോയിന്റ് സെക്രട്ടറി മനോജ് ജോഷി, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ബീന, സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടര്‍ പി എം ഫ്രാന്‍സിസ്, കേരള ഹൌസ് അഡീഷണല്‍ റസിഡന്റ് കമീഷണര്‍  പുനീത്കുമാര്‍ എന്നിവരും പങ്കെടുത്തു.