21 September Friday

ആദ്യ വനിതാബറ്റാലിയൻ പാസിങ്ങ‌്ഔട്ട് പരേഡ് നാളെ ; മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും

സ്വന്തം ലേഖകൻUpdated: Monday Jul 30, 2018




തൃശൂർ
 കേരള പൊലീസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ബറ്റാലിയൻ പാസിങ്ങ‌്ഔട്ട് പരേഡ്  രാമവർമപുരം പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച നടക്കും. പരിശീലനം പൂർത്തിയാക്കിയ 44 കമാൻഡോകൾ അടക്കം 578 വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ്ങ‌്ഔട്ട് പരേഡിൽ രാവിലെ  7.15ന്  മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. കമാൻഡോകളുടെ ആയുധങ്ങൾ ഉപയോഗിച്ചുളള ഡെമോൺസ്ട്രേഷൻ ഉണ്ടാകും. 

ആദ്യമായി വനിത ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയതാണ് വനിത പൊലീസ് ബറ്റാലിയൻ. ഇ‐ലേണിങ്ങ‌് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയ ആദ്യ ബാച്ചാണിവരുടേത്. ഐക്യരാഷ്ട്രസഭയുടെ വിമൻ ട്രെയിനിങ്ങ് സെന്റർ ഇ ലേണിങ്ങ‌് ക്യാമ്പസിൽ നിന്നും ഐ നോ ജെൻഡർ 1, 2, 3 മൊഡ്യൂളുകളും പൂർത്തിയാക്കിയിട്ടുണ്ട്.

ഒമ്പത് മാസത്തെ പരിശീലനത്തിെൻറ ഭാഗമായി കളരി, യോഗ, കരാത്തെ, നീന്തൽ, ഡ്രൈവിങ്ങ‌്, കംപ്യൂട്ടർ, സോഫ്ട് സ്കിൽസ്, ഫയറിങ്ങ‌്, ആംസ്, ജംഗിൾ ട്രെയിനിങ്ങ‌്, ഫസ്റ്റ് എയ്ഡ് എന്നിവയിലും  പരിശീലനം സിദ്ധിച്ചു. അടിസ്ഥാന നിയമങ്ങളും നിയമവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കൈകാര്യം ചെയ്യൽ, ട്രാൻസ്ജെന്റർ വ്യക്തികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, ദുരന്തനിവാരണം എന്നിവയിലും മികച്ച പരിശീലനം നൽകിയിട്ടുണ്ട്.

പുതിയതായി പരിശീലനം പൂർത്തിയാക്കിയവരിൽ 82 പേർ ബിരുദാനന്തര ബിരുദധാരികളാണ്.  19പേർ ബിടെക് ബിരുദധാരികളും അഞ്ച‌് എംബിഎക്കാരും നാല‌് എംസിഎക്കാരും ഉണ്ട‌്.  ബിരുദാനന്തരബിരുദത്തോടൊപ്പം ബിഎഡ്  നേടിയ 55 പേരും ബിരുദത്തോടൊപ്പം ബിഎഡുള്ള 62 പേരും 229 ബിരുദധാരികളും ഈ ടീമിലുണ്ട്. ഒരു എംഎഡ്കാരിയും ബിരുദത്തോടൊപ്പം ഡിപ്ലോമയുള്ള മൂന്ന് പേരും പോളിടെക്നിക്ക് ഡിപ്ലോമയുള്ള 23 പേരും 21 ടിടിസിക്കാരും 60 എച്ച്എസ്എ ക്കാരും 14 എസ്എസ്എൽസിക്കാരുമാണ് ഈ ബറ്റാലിയനിലുള്ളത്.

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഫോർ ബെസ്റ്റ് കാഡറ്റ് കെ പി അജിതയ്ക്കും ബെസ്റ്റ് കമാൻഡോ ദയാ പാർവതിക്കും പരേഡ് കമാൻഡർ അൻസിയ എസിനും ബെസ‌്റ്റ‌് ഔട്ട്ഡോർ പി ടി പ്രിറ്റിമോൾക്കും ബെസ്റ്റ് ഇൻഡോർ ജോസ്ന ജോയിക്കും ബെസ്റ്റ് ഷൂട്ടർ പി ആർ നിമിഷയ്ക്കും പരേഡ് സെക്കൻഡ‌് ഇൻ കമാൻഡ് കെ ബി ജോതിലക്ഷ്മിയ്ക്കും പുരസ്കാരം സമ്മാനിക്കും.

പ്രധാന വാർത്തകൾ
Top