22 September Saturday

പ്രളയമേഖലയിലെ പുനരധിവാസം: പാരിസ്ഥിതിക പ്രശ്‌‌നങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

തിരുവനന്തപുരം > പാരിസ്ഥിതികമായ ചില പ്രശ്‌നങ്ങളും പ്രളയത്തിന്റെ അനുഭവം മുന്നോട്ടുവെക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോ എന്നത് പ്രധാന പ്രശ്‌നമാണ്. അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം റോഡുകളും പാലങ്ങളും തകര്‍ന്നു പോയിട്ടുണ്ട്. ഉള്‍നാടുകളില്‍ പരിതാപകരമായി അവസ്ഥയാണുള്ളത്. അവ പുനസ്ഥാപിക്കല്‍ നമ്മുടെ ജനജീവിതത്തിന്റെ ഊടുംപാവും നെയ്‌തെടുക്കുന്നതില്‍ പ്രധാനമായ ഭാഗമാണ്. ഇത് പുനസ്ഥാപിക്കുന്നതിന് ഏറ്റവും പ്രധാനം ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുക എന്നതാണ്. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് എത്തണമെങ്കില്‍ അവരുടെ ജീവനോപാധികള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഈ മാസം 30ന് നിയമസഭാ സമ്മേളനം ചേരുകയാണ്. ദുരന്തമുഖത്ത് സജീവമായി നിന്നവരാണ് കേരളത്തിലെ എംഎല്‍എമാര്‍. സര്‍ക്കാരിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തില്‍ ഇവര്‍ നല്‍കിയ പങ്ക് വലുതാണ്. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍കൂടി അങ്ങേയറ്റം വിലമതിക്കുകയാണ്. ആ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നാളെ തിരുവനന്തപുരത്ത് സ്വീകരണം നല്‍കുകയാണ്.

ഈ നാടിനെ എല്ലാവരും സ്‌നേഹിക്കുകയാണ്. നമ്മുടെ നാട് കൂടുതല്‍ പ്രൗഢോജ്വലമായി തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് നാം കാണുന്നത് അതുകൊണ്ടാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇത് എന്ന് ചരിത്രത്തില്‍ സ്ഥാനം പിടിക്കത്തക്കവിധത്തില്‍ നമുകക് മുന്നേറാനാവണം. അതിന് ഏറ്റവും പ്രധാനം നമ്മുടെ ഐക്യവും യോജിപ്പുമാണ്. അതാണ് അതിജീവനത്തിന്റെ അടിസ്ഥാന നിലപാട് എന്നാമ് സര്‍ക്കാര്‍ കാണുന്നത്. ആ നിലപാടിനൊപ്പം ലോകമാകെ സഹകരിക്കുന്നു എന്നത് വമ്പിച്ച ആത്മവിശ്വാസമാണ് നല്‍കുന്നത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top