18 November Sunday
ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി നല്‍കി

കേരളത്തിനായി യുഎഇയില്‍ ധനസമാഹരണം ഊര്‍ജിതം

അനസ് യാസിന്‍Updated: Wednesday Aug 29, 2018



മനാമ
പ്രളയക്കെടുതിയിലായ കേരളത്തിന‌് കൈത്താങ്ങാകാനുള്ള യുഎഇയുടെ ശ്രമം ഊർജിതമായി മുന്നോട്ട്. ബിസിനസ് സമൂഹവും സാധാരണക്കാരുമെല്ലാം യുഎഇ സർക്കാർ ആരംഭിച്ച ദുരിതാശ്വാസ പദ്ധതിയോട് ആവേശപൂർവം സഹകരിക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ 50 ലക്ഷം ദിർഹം (ഏതാണ്ട് ഒമ്പതര കോടിയിലേറെ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് നൽകി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം ദിർഹം നീക്കിവച്ചെന്ന‌് ബാങ്ക് അറിയിച്ചു. രാജ്യാന്തര ജീവകാരുണ്യദൗത്യം ഏറ്റെടുക്കുന്നതിന് സ്ഥാപിക്കപ്പെട്ട മുഹമ്മദ് ബിൻ റാഷ്ദ് അൽ മഖ്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ‌് ചാരിറ്റി എസ്റ്റാബ്ലിഷ‌്മെന്റി(എംബിആർസിഎച്ച്)നാണ് ബാങ്ക് പണം നൽകിയത്. യുഎഇ പ്രസിഡന്റ് ഷേഖ‌് ഖലീഫ ബിൻ സായിദ് അൽ അൽ നഹ്യാൻ, വൈസ് പ്രസഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ‌് മുഹമ്മദ് ബിൻ റാഷിദ് അൽ അൽമഖ്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ കേരളീയരെ സഹായിക്കാൻ നടത്തിയ അഭ്യർഥന കണക്കിലെടുത്താണ് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ സാമ്പത്തികസഹായം.

രാജ്യത്തിനുപുറത്ത് നടത്തിയ നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ദുബായ് ഇസ്ലാമിക് ബാങ്ക് പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നും ഇക്കുറി ബാങ്ക് നൽകിയ സംഭാവന കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു മാത്രമാണെന്നും ദുബായ് ഭരണാധികാരിയുടെ ജീവകാരുണ്യ, സാംസ്‌കാരിക കൗൺസലറും എംബിആർസിഎച്ച് ചെയർമാനുമായ ഇബ്രാഹിം ബൂമെൽഹ പറഞ്ഞു. കേരളത്തിൽ ദുരിതത്തിലായ സഹോദരങ്ങളുടെ പ്രയാസമകറ്റുന്നതിനാണ് യുഎഇ ഭരണകൂടം അടിയന്തരസഹായം നൽകാൻ നിർദേശിച്ചത്. സുഹൃദ് രാജ്യങ്ങളിലെ സഹോദരങ്ങളും സുഹൃത്തുക്കളും ദുരിതത്തിലായാൽ സഹായിക്കേണ്ടത് ബാധ്യതയായി യുഎഇ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിതരെ സഹായിക്കുന്നതിന് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ ഫൗണ്ടേഷനും ദുബായ് റെഡ്ക്രസന്റും ധനസമാഹരണം നടത്തുന്നുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top