16 November Friday

അതീവഗുരുതരം; കരകളെ വിഴുങ്ങി പെരിയാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കൊച്ചി > കനത്ത മഴയിലും കുത്തൊഴുക്കിലും പെരിയാർ വഴിമാറിയൊഴുകി നൂറുകണക്കിന‌് വീടുകൾ പൂർണമായി മുങ്ങി. രണ്ടാംനിലവരെ വെള്ളത്തിലായി. പെരുമ്പാവൂർ, ആലുവ, കാലടി, നെടുമ്പാശേരി, വടക്കൻ പറവൂർ എന്നിവിടങ്ങളിൽ ആയിരങ്ങൾ വീടുകളിൽ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ  ഊർജിത ശ്രമങ്ങൾ തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും വെള്ളത്തിലായി.

വ്യാഴാഴ‌്ച മാത്രം ഒന്നരലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക‌് മാറ്റി. രക്ഷാ പ്രവർത്തനം തുടരുകയാണ‌്. ആലുവയിൽ കുടുങ്ങിയ 36 പേരെ നാവികസേന ഹെലികോപ‌്റ്ററിൽ രക്ഷപ്പെടുത്തി. ആലുവ തോട്ടക്കാട്ടുകരയിൽ വീട്ടിൽ കുടുങ്ങിയ നവജാത ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയർ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു. 

വെള്ളം കയറിയതോടെ എറണാകുളത്തിനും തൃശൂരിനും ഇടയ്ക്കുള്ള ട്രെയിൻ ഗതാഗതം നിർത്തി. ആലുവയിൽ ദേശീയപാതയും വെള്ളത്തിലായി. ആലുവ പാലത്തിലൂടെ വാഹനങ്ങളും കടത്തിവിടുന്നില്ല. മുട്ടം യാർഡ‌് വെള്ളത്തിലായതോടെ കൊച്ചി മെട്രോയും സർവീസ‌് നിർത്തി.  ആലുവ വെള്ളത്തിലായതിനെ തുടർന്ന‌് ജില്ലാ കൺട്രോൾ റൂം ഇടപ്പള്ളിയിലേക്ക‌് മാറ്റി. ഇടമലയാറിലെ പവർസ‌്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന‌് വൈദ്യുതി ഉൽപ്പാദനം നിർത്തി.

പെരിയാറിലെ ജലനിരപ്പ‌് രണ്ടുദിവസം കൊണ്ട‌്  അഞ്ചു മീറ്ററാണ‌് ഉയർന്നത‌്. ആലുവ ബൈപാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിൽ വെള്ളം നിറഞ്ഞു. കടുങ്ങല്ലൂർ, കീഴ്‌മാട്, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തൻവേലിക്കര, പറവൂർ ചേന്നമംഗലം എന്നിവിടങ്ങളും ഒറ്റപ്പെട്ടു.
ആലുവയിൽ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്‌. പെരിങ്ങൽക്കൂത്ത്‌ ഡാമിൽനിന്നുള്ള അധികവെള്ളളം  രാവിലെമുതൽ ചാലക്കുടിയിൽ എത്തിയതാണ്‌ വീണ്ടും ജലനിരപ്പുയർത്തിയത്‌.

പ്രധാന വാർത്തകൾ
Top