18 November Sunday

പ്രളയത്തിനുകാരണമായത് കനത്ത മഴ തന്നെ; ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് നമുക്കിപ്പോഴാവശ്യം: വിഎസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

തിരുവനന്തപുരം > കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് വിഎസ് അച്ചുതാനന്ദന്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് ഇപ്പോള്‍ നാം പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്പോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നതെന്നും വിഎസ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂട ഭീകരത അറസ്റ്റ് ചെയ്തത്.  ജനങ്ങളോട് സംസാരിക്കുന്നു എന്നതാണ് അവര്‍ ചെയ്ത കുറ്റം.  അതിന്റെതന്നെ മറുവശമാണ്, പ്രളയദുരന്തത്തില്‍ പെട്ട് നട്ടംതിരിയുന്ന  ജനതയുടെ മോചന മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ നടത്തുന്ന ശ്രമം. 

ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ ദേശീയ തലത്തിലും വലിയ തോതിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്. ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

 പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത്. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്.

 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്.  ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ട സമയമാണ്.  വികസനമെന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂ. 

നിയമങ്ങള്‍ കുറെക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണം. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണം. 
 
 കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം.  പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അര്‍ത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ഇനിയും ഇടവരുത്തരുത്.  ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടാവട്ടെ നമ്മുടെ തുടക്കം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം. 

അതിന്റെ സത്ത ചോര്‍ത്തിക്കളയാനല്ല, ആ നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കാനും അത് മാതൃകാപരമായി പ്രാവര്‍ത്തികമാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്.  മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, കേരളം ആ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കേരളത്തിന് കെല്‍പ്പില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിനുണ്ടായിട്ടുണ്ട്.

  നമ്മുടെ പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിത്. വന്‍കിടക്കാര്‍ കാടും കായലും കയ്യേറി നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങളും, അനധികൃത ഭൂവിനിയോഗവും നിസാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കുന്നു.മേലില്‍ അതിനുള്ള അവസരമുണ്ടാവരുത്. പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചുകളഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.

  മനുഷ്യ നിര്‍മ്മിതികള്‍ തകര്‍ത്തുകൊണ്ടാണ് പ്രളയ ജലം ഒഴുകാന്‍ വഴി കണ്ടെത്തിയത്. തകര്‍ന്നുപോയ വീടുകളും പാലങ്ങളും റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതോടൊപ്പം, നമ്മുടെ പരമ്പരാഗത ജല നിര്‍ഗമന പാതകളുടെ പുനരുദ്ധാരണവും ആരംഭിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം, കൊട്ടിഘോഷിച്ച മഹാ വികസനങ്ങളില്‍ ഏതെല്ലാമാണ് മഹാ ദുരന്തങ്ങള്‍ക്ക് കാരണമാവുക എന്ന, ശാസ്ത്രീയമായ വിലയിരുത്തലിനും ഇതുതന്നെയാണ് പറ്റിയ സന്ദര്‍ഭം. 

അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടം അടക്കമുള്ള നമ്മുടെ ഭൂപ്രകൃതിയാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷെ, കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ, വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പാക്കരുത്.  വികസനം തടസപ്പെടുത്താത്ത പ്രകൃതി സംരക്ഷണമല്ല, പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുദ്രാവാക്യം. 

ചിലര്‍ക്ക് മുമ്പില്‍ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂട. വികസനം ഒരിടത്തും, പരിസ്ഥിതി സംരക്ഷണം മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന വൈരുദ്ധ്യം അവസാനിക്കണം. വികസനം ജനങ്ങള്‍ക്ക് മേല്‍ ദുരന്തമായി വീഴാന്‍ പാടില്ല. ഇത്തരം നിര്‍ദ്ദേശങ്ങളെ വികസനവിരുദ്ധമെന്നും കേവല പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ടാവും. 

 നവ കേരള സൃഷ്ടിക്കായി നമുക്ക് ആദ്യം വേണ്ടത് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാനാണ്. അല്ലാതെ വ്യക്തിഗത പദ്ധതികളല്ല. ആ മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടെയും കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെയും വിപുലമായ സഹായം തേടണം. നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നിയമജ്ഞരും അദ്ധ്യാപകരും ബ്യൂറോക്രാറ്റുകളും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടുന്ന വിപുലമായ ഒരു കര്‍മ്മസേനക്ക് രൂപം നല്‍കണം.

 ആ കര്‍മ്മസേനക്ക് ഒരു ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണം. അവിടെ മാറ്റിനിര്‍ത്തലുകളില്ല.  കേരളം കണ്ട മഹത്തായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നിന്നത് തീരദേശ മത്സ്യത്തൊഴിലാളികളായിരുന്നു എന്ന് നാം തിരിച്ചറിയണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. ബോധവല്‍ക്കരണ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. 

ബോധ്യപ്പെടുത്തേണ്ട മറ്റൊന്നുകൂടിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിച്ച കേരളീയരുടെ കര്‍മ്മശേഷി ഇനിയും വിന്യസിക്കാനുള്ളത് ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ്. ബൗദ്ധികമായും ധനപരമായും അവര്‍ക്കത് സാദ്ധ്യമാണ്. വ്യക്തമായ പദ്ധതികളോടെ,മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് ആശിക്കാം. 

കേന്ദ്ര സര്‍ക്കാര്‍രില്‍ നിന്നും സഹകരണമുണ്ടെന്നും, കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോലും, കൂടുതല്‍ സഹായത്തിനായി കൂട്ടായി സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് നാം ശ്രമിക്കുകയും വേണമെന്നും വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കി


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top