പെണ്‍പ്രഭയായ് വിധു, വിനായകന്‍ നടന്‍; രജീഷ നടി

തിരുവനന്തപുരം > പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ദുരിതജീവിതം അഭ്രപാളിയിലെത്തിച്ച 'മാന്‍ഹോളി'ന് 2016ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മാന്‍ഹോള്‍ ഒരുക്കിയ വിധു വിന്‍സെന്റാണ് മികച്ച സംവിധായിക. സംവിധാന പുരസ്കാരം വനിതയ്ക്ക് ലഭിക്കുന്നത് ആദ്യമാണ്. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകനാണ് മികച്ച നടന്‍. കന്നിച്ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിലൂടെ രജീഷ വിജയന്‍ മികച്ച നടിയായി. ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബിര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. മെയ് അവസാനം തലശേരിയില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍പ്പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരിക്കാണ് മികച്ച സ്വഭാവനടനുള്ള പുരസ്കാരം. ഓലപ്പീപ്പിയിലെ അഭിനയത്തിലൂടെ കാഞ്ചന പി കെ മികച്ച സ്വഭാവനടിയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച ജനപ്രിയ ചിത്രം. കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിക്കാണ് നവാഗത സംവിധായകനുള്ള പുരസ്കാരം.
മറ്റു പുരസ്കാരങ്ങള്‍: ഛായാഗ്രഹണം-എം ജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), ഗാനരചന-ഒ എന്‍ വി (കാംബോജി), സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍ (കാംബോജി), പശ്ചാത്തല സംഗീതം-വിഷ്ണുവിജയ് (ഗപ്പി), ഗായകന്‍-സൂരജ് സന്തോഷ് (ഗപ്പി), ഗായിക-കെ എസ് ചിത്ര (കാംബോജി), ബാലതാരം-ആണ്‍- ചേതന്‍ ജയലാല്‍ (ഗപ്പി), പെണ്‍- അബേനി ആദി (കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോ), തിരക്കഥാകൃത്ത് -ശ്യാം പുഷ്കരന്‍ (മഹേഷിന്റെ പ്രതികാരം), ചിത്രസംയോജകന്‍-ബി അജിത്കുമാര്‍ (കമ്മട്ടിപ്പാടം), കഥാകൃത്ത് -സലിംകുമാര്‍ (കറുത്ത ജൂതന്‍), കലാസംവിധായകന്‍-ഗോകുല്‍ദാസ് എ വി, എസ് നാഗരാജ് (കമ്മട്ടിപ്പാടം), സിങ്ക് സൌണ്ട്- ജയദേവന്‍ ചക്കാടത്ത് (കാടുപൂക്കുന്ന നേരം), ശബ്ദമിശ്രണം, ശബ്ദ ഡിസൈന്‍-പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം), കളറിസ്റ്റ് - ഹെന്‍റോയ് മെസിയ (കാടുപൂക്കുന്ന നേരം), മേക്കപ്പ് - എന്‍ ജി റോഷന്‍ (നവല്‍ എന്ന ജൂവല്‍), വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍ (ഗപ്പി), ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(ആണ്‍)വിജയ്മോഹനന്‍ മേനോന്‍ (ഒപ്പം), (പെണ്‍)എം തങ്കമണി (ഓലപ്പീപ്പി), നൃത്തസംവിധായകന്‍-വിനീത് (കാംബോജി), കുട്ടികളുടെ ചിത്രം കോലുമിട്ടായി. ഒറ്റയാള്‍പ്പാതയിലെ അഭിനയത്തിന് കെ കലാധരന്‍ പ്രത്യേക ജൂറി പുരസ്കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആറടി എന്ന ചിത്രത്തിന്റെ കഥയ്ക്ക് ഇ സന്തോഷ്കുമാറും ഗപ്പിയിലെ ഛായാഗ്രഹണത്തിന് ഗിരീഷ് ഗംഗാധരനും ജൂറി പരാമര്‍ശം നേടി.
അജു നാരായണന്‍, ചെറിജേക്കബ് എന്നിവര്‍ രചിച്ച 'സിനിമ മുതല്‍ സിനിമവരെ' മികച്ച ചലച്ചിത്ര ഗ്രന്ഥമായി. ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരത്തിന് എന്‍ പി സജീഷ് അര്‍ഹനായി. മികച്ച തിരക്കഥയ്ക്ക് (അഡാപ്റ്റേഷന്‍) മികവ് പുലര്‍ത്തിയ രചനകള്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി വ്യക്തമാക്കി.സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംവിധായകന്‍ കമല്‍, ബീനപോള്‍, വി ടി മുരളി, മഹേഷ് പഞ്ചു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മാന്‍ഹോളില്‍ കണ്ടെത്തിയത് തിളങ്ങുന്ന പുരസ്കാരം
കോഴിക്കോട് > മാലിന്യം നുരയുന്ന ഓവുചാലുകള്‍ വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാരുടെ ദൈന്യം പകര്‍ത്തിയാണ് 'മാന്‍ഹോള്‍' അവാര്‍ഡ് തിളക്കത്തിലെത്തിയത്. അന്നത്തിനായി ദുരിതജീവിതം പേറുന്ന തോട്ടിപ്പണിക്കാരുടെ കഥ പറഞ്ഞ സിനിമക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് യാദൃശ്ചികമല്ല. വമ്പന്‍ താരനിരയൊന്നുമില്ലാതെ സാധാരണ മനുഷ്യര്‍ അഭിനയിച്ച ചിത്രം സംവിധാനംചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയുമായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീക്ക് മികച്ച സംവിധായികക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്. ഇത്തവണ ഐഎഫ്എഫ്കെയിലും ചിത്രം പുരസ്കാരം നേടിയിരുന്നു.
സിനിമയിലെ മുഖ്യകഥാപാത്രമായത് പോലും നടീനടന്മാരല്ല. ഓട്ടോറിക്ഷ ഡ്രൈവറായ രവിയാണ് അയ്യനെന്ന കഥാപാത്രത്തിന് ജീവനേകിയത്. പ്രതിഫലംപോലും പ്രതീക്ഷിക്കാതെയാണ് എല്ലാവരും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. റിന്‍സി, മുന്‍ഷി ബൈജു, ശൈലജ, ഗൌരിദാസന്‍ നായര്‍ എന്നിവരും അഭിനയിച്ചു. തിരക്കഥ ഉമേഷ് ഓമനക്കുട്ടന്‍. നിര്‍മാണം എം പി വിന്‍സെന്റ്. സജികുമാറാണ് ക്യാമറ. തോട്ടിപ്പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം പകര്‍ത്തി 'കാസ്റ്റ് ഓഫ് ക്ളെന്‍ലിനസ്' എന്ന ഡോക്യുമെന്ററി രണ്ട് വര്‍ഷം മുമ്പ് വിധു നിര്‍മിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നവാഗത സംവിധായികക്കുള്ള രജതചകോരവും ഈ ചിത്രത്തിലൂടെ വിധുവിന് ലഭിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി പ്രത്യേക ജൂറിപരാമര്‍ശം നേടിയതും കോഴിക്കോടിന്റെ തിളക്കം കൂട്ടി.
കുറെ അവാര്‍ഡ്കൂടി വാങ്ങും: സലിംകുമാര്‍
കൊച്ചി > "സന്തോഷമുണ്ട്. എന്നാലും മറ്റു ചില അവാര്‍ഡുകള്‍കൂടി എന്റെ സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്നു.'' മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് നേടിയ നടന്‍ സലിംകുമാര്‍ പറഞ്ഞു. 'കറുത്ത ജൂതന്‍' എന്ന സിനിമയ്ക്കാണ് അവാര്‍ഡ്. ദേശീയ അവാര്‍ഡിനുശേഷം ലഭിച്ച അവാര്‍ഡില്‍ തൃപ്തനാണ്. കുറെക്കൂടി അവാര്‍ഡുകള്‍ വാങ്ങിയിട്ടേ താന്‍ പോകൂവെന്നും നിറചിരിയോടെ സലിംകുമാര്‍ പറഞ്ഞു. കറുത്ത ജൂതന്റെ സംവിധായകനും നിര്‍മാതാവുംകൂടിയാണ് സലിംകുമാര്‍. കമ്പാര്‍ട്ട്മെന്റിനുശേഷം സലിംകുമാര്‍ ചെയ്ത സിനിമയാണിത്.
ഇരട്ട പുരസ്കാരത്തില്‍ വിധുവിന് ഇരട്ടി സന്തോഷം
കോഴിക്കോട് > കന്നിച്ചിത്രത്തിന് ഇരട്ട പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് 'മാന്‍ഹോളി'ന്റെ സംവിധായിക വിധു വിന്‍സെന്റ്. സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്ന ആദ്യവനിതയെന്ന ബഹുമതിയിലും അഭിമാനമുണ്ട്.
സന്തോഷത്തോടൊപ്പം ഇനി ഉത്തരവാദിത്തവും കൂടുകയാണ്. സംസ്ഥാനബജറ്റില്‍ മാന്‍ഹോളിന് തുക വകയിരുത്തിയെന്ന് ധനമന്ത്രി പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ബജറ്റില്‍ ഒരു സിനിമയെക്കുറിച്ച് പറയുന്നത് ആദ്യമാണ്. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ 'മാന്‍ഹോള്‍' എന്ന സിനിമയില്‍ അഭിനയിച്ച ആളുകളുണ്ട്. ഒപ്പം നിന്ന ആ മനുഷ്യര്‍ക്ക് നന്ദി പറയുന്നു.
നമ്മുടെ മുന്നില്‍ ഉണ്ടായിട്ടും കാണാതിരുന്ന വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം-വിധു പറഞ്ഞു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്കാരങ്ങളാണ് വിധു വിന്‍സെന്റ് നേടിയത്. തോട്ടിപ്പണിക്കാരുടെ ദുരിതജീവിതം പകര്‍ത്തിയ ചിത്രമാണ് 'മാന്‍ഹോള്‍'.
അപ്രതീക്ഷിതം: രജീഷ വിജയന്‍
കൊച്ചി > ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ അവതരിപ്പിച്ച കഥാപത്രത്തിനുതന്നെ പുരസ്കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജീഷ വിജയന്‍ പറഞ്ഞു. പുരസ്കാരത്തിന് തന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. സംവിധായകന്‍ ഖാലിദ് റഹ്മാന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. മാതാപിതാക്കളോടും 'അനുരാഗകരിക്കിന്‍ വെള്ള'ത്തിന്റെ പിന്നണി പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും രജീഷ പറഞ്ഞു.








0 comments