18 September Tuesday

കേരള ബാങ്ക‌് രൂപീകരണം: തത്വത്തിലുള്ള അംഗീകാരം ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


തിരുവനന്തപുരം
കേരള ബാങ്ക് രൂപീകരണത്തിനുള്ള തത്വത്തിലുള്ള അംഗീകാരം വൈകാതെ ഉണ്ടാകുമെന്ന‌് പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. റിസർവ് ബാങ്കിൽനിന്ന‌് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന‌് വാർത്താകുറിപ്പിൽ മന്ത്രി അറിയിച്ചു.

റിസർവ് ബാങ്ക് അനുമതിയോടെ കേരള ബാങ്ക് രൂപീകരണപ്രഖ്യാപനം ഈവർഷം ചിങ്ങം ഒന്നിന് നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണ‌് സംസ്ഥാന സർക്കാരിനുണ്ടായിരുന്നത‌്.
ഈ പ്രതീക്ഷ നിറവേറ്റുന്നതിനായുള്ള വിവിധ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ അപേക്ഷ ഇപ്പോഴും റിസർവ് ബാങ്കിന്റെ പരിഗണനയിൽ തുടരുകയാണ്. ഇതിൽ ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, കേരള സഹകരണ ബാങ്കിന് അനുമതി നൽകില്ലെന്ന നിലപാട് റിസർവ് ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന വിവരമാണ് സംസ്ഥാന സർക്കാരിനുള്ളത്.

14 ജില്ലാസഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ‌് സർക്കാർ തത്വത്തിൽ തീരുമാനിച്ചത‌്. ബാംഗ്ലൂർ ഐഐഎമ്മിൽ നിന്നുമുള്ള പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിൽ ഒരു സമിതി ഇതുസംബന്ധിച്ച‌് പഠിച്ച‌് റിപ്പോർട്ട് നൽകി.

നബാർഡ് റിട്ട. ചീഫ് ജനറൽ മാനേജർ വി ആർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് രൂപീകരണപ്രവർത്തനങ്ങൾക്കായുള്ള കർമസമിതി രൂപീകരിച്ചു. കർമസമിതി തയ്യാറാക്കിയ പ്രാഥമിക പദ്ധതി  തത്വത്തിലുള്ള അംഗീകാരത്തിനായി 2017 സെപ്തംബർ രണ്ടിന‌് ചീഫ് സെക്രട്ടറി മുഖാന്തരം റിസർവ് ബാങ്കിനും നബാർഡിനും സമർപ്പിച്ചു.
അപേക്ഷ  ഹെഡാഫീസ് തല പരിശോധനകൾക്കും സംസ്ഥാന സർക്കാർ വിശദീകരണങ്ങൾക്കുംശേഷം കഴിഞ്ഞ ജനുവരിയിൽ അവരുടെ ശുപാർശ സഹിതം നബാർഡ‌് റിസർവ‌് ബാങ്കിന് സമർപ്പിച്ചു.

റിസർവ് ബാങ്ക് അവരുടെ പ്രാഥമിക പരിശോധനകൾക്കുശേഷം ഏപ്രിൽ 25നു സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ സംസ്ഥാന സഹകരണ ബാങ്ക് സഞ്ചിത നഷ്ടത്തിലാണെന്നും ആയതിനാൽ കൂടുതൽ മൂലധനം ആവശ്യമാണെന്നും  സംസ്ഥാന ബാങ്കിന്റെ ഭരണം മെച്ചപ്പെടുത്തേണ്ടതായുണ്ടെന്നും ഇക്കാര്യങ്ങളിൽ എന്തൊക്കെ നടപടികളാണ്  സർക്കാരിന് സ്വീകരിക്കാൻ കഴിയുകയെന്നത് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലെ സഞ്ചിതനഷ്ടം നികത്തി ആവശ്യ മൂലധനപര്യാപ്തത കൊണ്ടുവരുന്നതിനും ഭരണം മികച്ച രീതിയിൽ നടത്തുന്നതിനുള്ള ഘടനാപരമായ മാറ്റംകൊണ്ടുവരാൻ സന്നദ്ധമാണെന്ന‌് അറിയിച്ച‌്  ജൂൺ എട്ടിന് സർക്കാർ മറുപടി നൽകി.  ജൂലൈ 20ന് സംസ്ഥാന സർക്കാരിനുവേണ്ടി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി, കർമസമിതി ചെയർമാൻ എന്നിവർ റിസർവ‌് ബാങ്കിന്റെ ആസ്ഥാനത്ത് ബാങ്ക് ഉന്നതോദ്യോഗസ്ഥരുമായി ആശയവിനിയമം നടത്തി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കുറച്ച് കാര്യങ്ങളിൽ കൂടെ വ്യക്തതകൾ ഉണ്ടാകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.

ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ആഗസ‌്ത‌് ആറിന‌് മറുപടി നൽകി. ആഗസ‌്ത‌് ഏഴിന‌് സഹകരണ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും റിസർവ‌് ബാങ്ക് റീജ്യണൽ ഡയറക്ടറുമായി ആശയവിനിയമം നടത്തി. റിസർവ് ബാങ്ക‌് ഉന്നയിച്ച എല്ലാ കാര്യത്തിലും തൃപ്തികരമായ മറുപടിയാണ് സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. ഇതിൽ റിസർവ് ബാങ്ക‌് അധികൃതർ സംതൃപ്തരാണെന്നാണ‌് മനസ്സിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top