22 September Saturday

വഴിവക്കിൽ പ്ലക്കാർഡ് പിടിച്ച്, മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് അംഗീകരിക്കാനാകില്ല; കന്യാസ‌്ത്രീകളുടെ സമരത്തിനെതിരെ കെസിബിസി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

കൊച്ചി >  കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്ന്യാസിനികൾ വഴിവക്കിൽ പ്ലക്കാർഡ് പിടിച്ച്, മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന‌് കേരള കത്തോലിക്ക ബിഷപ‌് കൗൺസിൽ.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ‌്ക്കലിനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗിക പീഡനാരോപണ പരാതിയിൽ നീതി നിർവഹിക്കപ്പെടണമെന്ന നിലപാടിൽ കെസിബിസി ഉറച്ചുനിൽക്കുന്നു. സമരക്കാരും അനുകൂലികളും സമ്മർദതന്ത്രം ഉപേക്ഷിച്ച്, നിഷ്പക്ഷമായും കാര്യക്ഷമമായും കേസ് അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനെ അനുവദിക്കുകയാണുവേണ്ടത്.  കേസന്വേഷണം വേഗം പൂർത്തിയാക്കാൻ പൊലീസ് തയ്യാറാകണമെന്നും കെസിബിസി വക്താവ‌് ഫാ. വർഗീസ‌് വള്ളികാട്ട‌് പ്രസ‌്താവനയിൽ പറഞ്ഞു. പരാതിയുടെ മറവിൽ, കത്തോലിക്കാസഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കുന്നതിന്  സ്ഥാപിത താൽപ്പര്യക്കാരും ചില മാധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്നിൽ നിർത്തി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ അതിരുകടന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

ആരോപണവിഷയമായ സംഭവത്തിൽ സഭ ആരെയും വിധിക്കുന്നില്ല. ആരെയും നീതീകരിക്കുന്നുമില്ല. ക്രിമിനൽ കേസിന്റെ  അന്വേഷണം പൊലീസാണു നടത്തേണ്ടത്. അവരത് നിയമാനുസൃതം പൂർത്തിയാക്കട്ടെ. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ, നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ   കോടതി ശിക്ഷിക്കട്ടെ.  അതനുവദിക്കാതെ, മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികവും അനധികൃതവുമാണ്. അന്വേഷണോദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും, അതിനിടയിൽ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന ഇത്തരം സമരങ്ങൾ തികച്ചും അപലപനീയമാണ്.

നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നല്ല, ബിഷപ് ഫ്രാങ്കോയെ എങ്ങനെയും അറസ്റ്റ്ചെയ്ത് ജയിലിൽ ഇടണമെന്നാണു സമരക്കാരുടെ താൽപ്പര്യമെന്നു തോന്നുന്നു. സഭ നീതിപാലിക്കുക എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ പ്രസക്തിയെന്താണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് സഭയിൽനിന്ന‌് നീതികിട്ടിയിട്ടില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. പരാതി നൽകിയെന്ന് പറയുന്ന കർദിനാൾ ജോർജ‌് ആലഞ്ചേരിക്കോ, മറ്റ് ബിഷപ്പുമാർക്കോ ജലന്ധർ ബിഷപ്പിന്റെ മേലോ മിഷണറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെമേലോ അധികാരമൊന്നുമില്ല. വത്തിക്കാൻ പ്രതിനിധിക്കു നൽകിയെന്നു പറയുന്ന പരാതിയിന്മേൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്റെ ഭാഗത്തുനിന്നു ഉചിതമായ നടപടി യഥാസമയമുണ്ടാകും. അതും ക്രിമിനൽ കേസും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും പ്രസ‌്താവനയിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top