ad
Deshabhimani

കണ്ണൂര്‍, കരുണ : എംബിബിഎസ് പ്രവേശനം റദ്ദാക്കിയത് സുപ്രീംകോടതി ശരിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2017, 07:17 AM | 0 min read

ന്യൂഡല്‍ഹി > നടപടിക്രമങ്ങള്‍ പാലിക്കാതെ പാലക്കാട് കരുണ മെഡിക്കല്‍കോളേജും കണ്ണൂര്‍ മെഡിക്കല്‍ കോളേജും സ്വന്തം നിലയില്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു. കണ്ണൂര്‍ മെഡിക്കല്‍കോളേജിലെ 150 സീറ്റിലേക്കും കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റിലേക്കുമുള്ള പ്രവേശനം റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി, സ്വന്തം‘ഭാഗം ന്യായീകരിക്കാന്‍ കോടതിമുമ്പാകെ വ്യാജരേഖകള്‍ ഹാജരാക്കിയ മാനേജ്മെന്റുകളെ രൂക്ഷമായി വിമര്‍ശിച്ചു. ഗുരുതര ക്രമക്കേടാണ് മാനേജ്മെന്റുകളില്‍നിന്ന് ഉണ്ടായതെന്നും വിചാരണചെയ്ത് ജയിലിലടയ്ക്കേണ്ട കുറ്റമാണിതെന്നും ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച വ്യാജരേഖകള്‍തന്നെ അവര്‍ക്കെതിരായ തെളിവായി മാറിയ സാഹചര്യത്തില്‍ കോടതിയെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്ന്—ബെഞ്ച് വിലയിരുത്തി.

പ്രവേശനം റദ്ദാക്കിയ ജെയിംസ് കമ്മിറ്റി തീരുമാനത്തിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിവിധിക്കെതിരെ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനം റദ്ദാക്കിയ സാഹചര്യത്തില്‍ ഇരു കോളേജിലെയും സീറ്റുകള്‍ ഈ വര്‍ഷം ഒഴിച്ചിടേണ്ടിവരും. അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനം നടത്തുമ്പോള്‍ കരുണ മെഡിക്കല്‍ കോളേജ് ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ച 30 വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനനല്‍കണമെന്നും ജസ്റ്റിസ് അമിതാവ്റോയ് അംഗമായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനസര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതെ സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തിയ സ്വകാര്യ മെഡിക്കല്‍കോളേജുകള്‍ക്ക് സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്.
മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നടപടിക്രമങ്ങള്‍ ലംഘിച്ചാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജെയിംസ് കമ്മിറ്റി കടുത്ത നടപടി കൈക്കൊണ്ടതെന്ന്

സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശും വാദിച്ചു. മേല്‍നോട്ടക്കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതിയും പിന്നീട് അംഗീകരിച്ചു. തുടര്‍ന്ന്, പ്രവേശന പരീക്ഷാ കമീഷണറുടെ മേല്‍നോട്ടത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയുംചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. അര്‍ഹരായ വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തുന്ന നടപടി അനീതിയാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചു.

സര്‍ക്കാരുമായി പ്രവേശനക്കരാറില്‍ ഒപ്പിടാത്തതിനാലാണ് നടപടിയെന്നായിരുന്നു മാനേജ്മെന്റുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബലിന്റെ വാദം. ഈ വര്‍ഷത്തെ മെഡിക്കല്‍കോഴ്സുകള്‍ സെപ്തംബര്‍ മൂന്നിനുതന്നെ തുടങ്ങിയതിനാല്‍ അതിനുശേഷമുള്ള പ്രവേശനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) വാദം പരിഗണിച്ചാണ് കരുണ മെഡിക്കല്‍ കോളേജിലേക്കുള്ള 30 വിദ്യാര്‍ഥികളുടെ പ്രവേശനം അടുത്ത വര്‍ഷത്തേക്ക് നീട്ടിയത്.

മാനേജ്മെന്റുകള്‍ സുപ്രീംകോടതിയുടെയും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ജെയിംസ് കമ്മിറ്റി പ്രവേശനനടപടി റദ്ദാക്കിയത്. അപേക്ഷ നല്‍കിയവരുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും വിശദാംശങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റുകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു നടപടി. കരുണ മെഡിക്കല്‍കോളേജിലേക്ക് നീറ്റ് റാങ്ക്പട്ടികയില്‍നിന്ന് 30 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. കരുണമെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു. എന്നാല്‍, മാനേജ്മെന്റ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home