17 November Saturday

കണ്ണൂർ മെഡി. കോളേജിൽ പ്രവേശനം നിർത്തിവയ‌്ക്കാൻ ഉത്തരവ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ ഈ വർഷത്തെ എംബിബിഎസ് പ്രവേശന നടപടി നിർത്തിവയ‌്ക്കാൻ കേരള ആരോഗ്യ സർവകലാശാല  സംസ്ഥാന എൻട്രൻസ് കമീഷണറോട് ആവശ്യപ്പെട്ടു. കണ്ണൂർ മെഡി.കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന മെഡിക്കൽ പ്രവേശന സൂപ്പർവൈസറി കമ്മിറ്റി ചെയർമാന്റെ ശുപാർശ അംഗീകരിച്ചാണ‌് 2018 ‐ 19ലെ 150 എംബിബിഎസ് സീറ്റിലേക്കുള്ള പ്രവേശനം നിർത്താൻ രജിസ്ട്രാർ ഉത്തരവിറക്കിയത്. ഇത് രണ്ടാം വർഷമാണ് പ്രവേശന നടപടികൾ തടസ്സപ്പെടുന്നത്.

നേരത്തേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ പ്രവേശനം  നടത്താമെന്ന് സർവകലാശാല നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അനധികൃതമായി പ്രവേശനം നൽകിയ വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ സംഖ്യ തിരിച്ചുകൊടുത്തിട്ടില്ലെന്ന‌് ബോധ്യപ്പെട്ടതോടെയാണ് അഫിലിയേഷൻ റദ്ദാക്കാൻ നിർദേശിച്ചത്. കഴിഞ്ഞ വർഷം  വിലക്കുണ്ടായിട്ടും കോളേജിൽ പ്രവേശനം നടത്തിയിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി റദ്ദാക്കി.

അതിനിടെ, കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശന കേസുമായി ബന്ധപ്പെട്ട അപേക്ഷകൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർഥികൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എ എം സാപ്രെ, യു യു ലളിത് എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

വിദ്യാർഥി പ്രവേശനം സാധുവാക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ടവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിനെ ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top