19 September Wednesday

കേരളം നല്ല സിനിമകളുടെ പരീക്ഷണശാല: കമല്‍ഹാസന്‍

സ്വന്തം ലേഖകന്‍Updated: Friday Aug 3, 2018


കൊച്ചി > സിനിമയെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് തന്നെ സമീപിക്കുന്ന ചെറുപ്പക്കാരോട് കേരളത്തില്‍നിന്ന് പഠിക്കൂ എന്നാണ് താന്‍ പറയാറുള്ളതെന്ന് ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന്‍.  കേരളം എന്ന ഒരു കൊച്ചു സംസ്ഥാനമുണ്ട്, അവിടം നല്ല സിനിമകളുടെ പരീക്ഷണശാലയാണ്, അവിടെനിന്ന് പഠിക്കൂ എന്നാണ് താന്‍ അവരോട് പറയാറുള്ളത്. 

'വിശ്വരൂപം' രണ്ടാംഭാഗം പുറത്തിറക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ നല്ല സിനിമകളും ചലച്ചിത്രത്തെ ഗൗരവമായി സമീപിക്കുന്നവരും സംവേദനക്ഷമതയുള്ള കാണികളുമുണ്ട്. എന്നാല്‍ ഒരു 25 വര്‍ഷം മുമ്പ് മലയാള സിനിമയുടെനിലവാരം താഴേക്കുപോയി. അന്ന് താന്‍ അതിനെ നിശിതമായി വിമര്‍ശിച്ചു.

മലയാളസിനിമ ആ വിമര്‍ശനത്തെ ഉള്‍ക്കൊണ്ടു. ഇന്ന് വീണ്ടും നല്ല സിനിമകള്‍ മലയാളത്തിലുണ്ടാകുന്നു. അത് രാജ്യം വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വരൂപം എന്ന സിനിമ തന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ള സിനിമയാണ്. ഏറെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണത്.നാലുവര്‍ഷംമുമ്പ് ഷൂട്ടിങ് തുടങ്ങി 98 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയതാണ്.

എന്നാല്‍ ചില തരംതാണ രാഷ്ട്രീയക്കളികള്‍ കാരണം സിനിമ താമസിച്ചു.  ഇപ്പോള്‍ വിശ്വരൂപം  രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ നല്ല രീതിയില്‍ ഏറ്റുവാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. 10നാണ് റിലീസ്. ചിത്രത്തിലെ നായിക പൂജ കുമാര്‍, ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്ന ഇറാം ഗ്രൂപ്പ് ഡയറക്ടര്‍ ഹസന്‍ മുഹമ്മദ്, എഡിറ്റര്‍ മഹേഷ് നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top