21 November Wednesday
എന്തിനാണ് നാം ഇത്ര അസഹിഷ്ണുക്കളാകുന്നത്. കേരളത്തിലും ഈ അസഹിഷ്ണുതയുണ്ട് എന്നത് തന്നെ ഞെട്ടിക്കുന്നു

രാജ്യത്ത് കടുത്ത അസഹിഷ്ണുത: കമല്‍ഹാസന്‍

സ്വന്തം ലേഖികUpdated: Friday Aug 3, 2018



കൊച്ചി> രാജ്യത്ത് അസഹിഷ്ണുത വല്ലാതെ വര്‍ധിച്ചിരിക്കുന്നുവെന്നും  തങ്ങള്‍ക്കിഷ്ടമുള്ളതേ മറ്റുള്ളവര്‍ ചോദിക്കാവൂ, പറയാവൂ എന്ന് നിര്‍ബന്ധിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും  നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ
  കമല്‍ഹാസന്‍. 'വിശ്വരൂപം' രണ്ടാംഭാഗം റിലീസിന്റെ ഭാഗമായി കൊച്ചിയിലെത്തിയതാണ് കമല്‍. 

രാജ്യംമുഴുവന്‍ കടുത്ത അസഹിഷ്ണുതയാണുള്ളത്. എന്തിനാണ് നാം ഇത്ര അസഹിഷ്ണുക്കളാകുന്നത്. കേരളത്തിലും ഈ അസഹിഷ്ണുതയുണ്ട് എന്നത് തന്നെ ഞെട്ടിക്കുന്നു. സമ്മര്‍ദരാഷ്ട്രീയതന്ത്രങ്ങളില്‍  ഇവിടെയും ചിലര്‍  അകപ്പെട്ടുപോകുന്നു. എന്നാല്‍, ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് കേരളീയരോട് പറഞ്ഞാല്‍ വിലപ്പോവില്ല. ഇവിടെ അത്ര സാക്ഷരരാണ് ജനങ്ങള്‍.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന സിനിമ 'ഹേ റാം' ആണ്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ മുന്‍കൂട്ടിക്കണ്ട് പറയാന്‍ ഹേ റാമിന് കഴിഞ്ഞു. ഇന്നാണെങ്കില്‍ അതുപോലൊരു സിനിമയെടുക്കാന്‍ ഭയക്കണം. അതിനു കഴിഞ്ഞെന്നുവരില്ല. നിര്‍മാല്യം പോലൊരു സിനിമ ഇപ്പോള്‍ എടുക്കാനാകുമെന്ന് തോന്നുന്നില്ല.  നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷമാവുന്നു. ഇപ്പോള്‍ നാം ഒന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. 

സ്വാതന്ത്ര്യത്തെക്കുറിച്ചും അത് പ്രയോഗിക്കുന്നതിനെക്കുറിച്ചും നാം സ്വയം പരിശോധന നടത്തണം. രാജ്യകാര്യങ്ങളില്‍ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന മട്ടിലാണ് പകുതിയോളം ജനങ്ങളും ചിന്തിക്കുന്നത്. ഇത് തന്റെയും രാജ്യമാണെന്ന ചിന്ത ഓരോരുത്തരിലുമുണ്ടാകുകയെന്നത് പ്രധാനമാണ്.

താനെപ്പോഴും തിരസ്‌കരിക്കപ്പെടുന്ന ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. തമിഴ്‌നാടിന്റെയും ഈ രാജ്യത്തിന്റെ തന്നെയും ഉയര്‍ച്ചയാണ് തന്റെ പാര്‍ടിയുടെ ലക്ഷ്യം. എന്നാല്‍ അതിനുവേണ്ടി എവിടെയും പോയി ചേരുക എന്നതല്ല, തന്റെ പാര്‍ടിയുടെ കാഴ്ചപ്പാടും ആദര്‍ശവുമായി യോജിക്കാന്‍ തയ്യാറുള്ളവരുമായി സഹകരിക്കാനാണ് ആഗ്രഹിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മതേതര വിശാലസഖ്യത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് താന്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കൃത്യമായ ഒരു മറുപടി ഇത്ര നേരത്തെ പറയാനാകില്ലെന്നുമായിരുന്നു മറുപടി. തങ്ങള്‍ അവസരവാദികളല്ല, എന്നാല്‍ അവസരം പാഴാക്കുകയുമില്ല; കമല്‍ഹാസന്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top