Top
21
Tuesday, November 2017
About UsE-Paper

ഹൃദയാഭിവാദ്യം ഏറ്റുവാങ്ങി യാത്രകള്‍

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌
# കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍മേഖലാ ജനജാഗ്രത യാത്രയ്ക്ക് എറണാകുളം ജില്ലയിലെ പിറവത്ത് നല്‍കിയ സ്വീകരണം


പാലക്കാട്/എറണാകുളം > ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് മേഖലകളിലെ തൊഴിലാളികളുടെയും ഹൃദയാഭിവാദ്യം ഏറ്റുവാങ്ങി ജനജാഗ്രതാ യാത്രകള്‍ അവസാന ഘട്ടത്തിലേക്ക്. കാര്‍ഷിക മേഖലയ്ക്ക് നവചൈതന്യം നല്‍കാനും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ക്ഷേമത്തിനായും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോടുള്ള ആഹ്ളാദപൂര്‍ണമായ പ്രതികരണമാണ് യാത്രയില്‍ പ്രകടമായത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും വര്‍ഗീയതയെയും യാത്രയില്‍ തുറന്നുകാട്ടി.

സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജനജാഗ്രതായാത്ര പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജനജാഗ്രതാ യാത്ര എറണാകുളം ജില്ലയില്‍പര്യടനം നടത്തി.

കാര്‍ഷിക മേഖലയായ ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍, വടക്കഞ്ചേരി എന്നീ സ്വീകരണ കേന്ദ്രങ്ങളില്‍ അത്യാവേശകരമായ വരവേല്‍പ്പാണ് വടക്കന്‍ മേഖലാ യാത്രയ്ക്ക് ലഭിച്ചത്. ജില്ലാ അതിര്‍ത്തിയായ പഴയന്നൂര്‍ പ്ളാഴിയിലും തുടര്‍ന്ന് ചേലക്കര സെന്ററിലുമായിരുന്നു സ്വീകരണങ്ങള്‍. യോഗങ്ങളില്‍ യാത്രാ ലീഡര്‍ കോടിയേരി ബാലകൃഷ്ണന്‍, അംഗങ്ങളായ സത്യന്‍ മൊകേരി, സ്കറിയ തോമസ്, പി എം ജോയി, പി കെ രാജന്‍, ഇ പി ആര്‍ വേശാല എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച വടക്കാഞ്ചേരി ടൌണില്‍ നിന്നാരംഭിച്ച് വലപ്പാട് സെന്ററില്‍ സമാപിക്കും.

തെക്കന്‍മേഖലാ ജനജാഗ്രതായാത്ര പിറവം ജങ്ഷനില്‍നിന്നാണ് ബുധനാഴ്ച പര്യടനം ആരംഭിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് യാത്രാലീഡറെ സ്വീകരിച്ചു. കോലഞ്ചേരി, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മൂവാറ്റുപുഴയില്‍ സമാപിച്ചു.

യാത്രാ ലീഡര്‍ കാനം രാജേന്ദ്രനു പുറമെ അംഗങ്ങളായ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.

ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം വ്യാഴാഴ്ച രാവിലെ 10ന് അങ്കമാലിയില്‍നിന്ന് ആരംഭിച്ച് പറവൂരില്‍ സമാപിക്കും. യാത്രകള്‍  വെള്ളിയാഴ്ച തൃശൂരിലും എറണാകുളത്തും സമാപിക്കും.

Related News

കൂടുതൽ വാർത്തകൾ »