22 September Saturday

ബിഷപ്പിനെതിരായ പീഡനകേസ്: പരാതിയില്‍ ഉറച്ച് കന്യാസ്‌ത്രീ; അന്വേഷണച്ചുമതല വൈക്കം ഡിവൈഎസ്‌പിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കോട്ടയം > കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി  കന്യാസ്‌ത്രീ. പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് സഭാനേതൃത്വത്തെയും പരാതി അറിയിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിനാണ്  അന്വേഷണ ചുമതല. ഇദ്ദേഹം ഞായറാഴ്‌ച കന്യാസ്‌ത്രീയുടെ മൊഴിയെടുക്കും. കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍വെന്റിലെത്തി കന്യാസ്‌ത്രീയുടെ വിശദമൊഴി രേഖെപ്പടുത്തുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

കുറവിലങ്ങാടിന് സമീപത്തുള്ള കോണ്‍വെന്റിലെ അന്തവാസിയായ ഇവരെ 2014 മുതല്‍ 2016 വരെയുള്ള കാലത്ത് നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കന്യാസ്‌ത്രീയെ വൈദ്യപരിശോധനയ്‌‌‌ക്ക് വിധേയയാക്കി. ഇക്കാര്യത്തില് സഭാ നേതൃത്വത്തിന്  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില് കര്‍ദിനാളിന്റെ പ്രതിനിധികള്‍ കോണ്‍വെന്റിലെത്തി കന്യാസ്‌ത്രീയുമായി ചര്‍ച്ച നടത്തിയിരുന്നു.

ആരോപണ വിധേയനായ ബിഷപ്പും  സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ കന്യാ‌സ്‌ത്രീയുടെ ബന്ധുക്കള്‍ പ്രശ്‌‌‌നത്തില്‍ ഇടപെട്ടതോടെ വാക്കേറ്റം ഉണ്ടായതായും പറയുന്നു. തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായുള്ള  ബിഷപ്പിന്റെ പരാതിയില്‍  കന്യാസ്‌ത്രീയുടെ സഹോദരനെതിരെയും  കുറവിലങ്ങാട് പൊലീസ് കേസെടുത്തു.  മദര്‍സുപ്പീരിയര്‍ സ്ഥാനത്തുനിന്നും സ്ഥാനഭ്രഷ്‌ടയാക്കിയതിന്റെ വിരോധം തീര്‍ക്കാനാണ് തനിക്കെതിരെ ലൈംഗീക പീഡന ആരോപണം ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിന്റെ നിലപാട്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top