17 October Wednesday

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കഞ്ചേരി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

തിരുവനന്തപുരം > എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഈ മാസം 21 വരെ ഇയാളെ റിമാൻഡ് ചെയ്തത്.

ജേക്കബ് വടക്കഞ്ചേരിയെ ശനിയാഴ്‌ച ക്രൈംബ്രാഞ്ച് സംഘം തൃപ്പൂണിത്തുറയില്‍ നിന്ന്‌ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരെ നവമാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തി വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ജേക്കബ് വടക്കഞ്ചേരി. നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരിലും ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കഞ്ചേരിയുടെ ഒടുവിലത്തെ പ്രചരണം.ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു. മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നുമുള്ള വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ്‌ വീഡിയോയില്‍ പറയുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top