Top
21
Sunday, January 2018
About UsE-Paper

ഐഎസ് ബന്ധം : സിറിയയിലുള്ള അഞ്ചുപേരുടെ ചിത്രങ്ങള്‍കൂടി പുറത്തുവിട്ടു

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരുടെ ചിത്രങ്ങളും വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അലക്കാടന്‍ കണ്ടിയിലെ അബ്ദുള്‍ ഖയൂം (23), വളപട്ടണം മന്നയിലെ മര്‍ഹബയില്‍ പി പി അബ്ദുള്‍ മനാഫ് (30), വളപട്ടണം മൂപ്പന്‍പാറയിലെ സബാസില്‍ ഷബീര്‍ (33), ഷബീറിന്റെ ബന്ധു വളപട്ടണം മന്നയിലെ സുഹൈല്‍ (28), സിറിയയില്‍ കൊല്ലപ്പെട്ട ഐഎസ് പ്രവര്‍ത്തകന്‍ പാപ്പിനിശേരി പഴഞ്ചിറയിലെ ഷെമീറിന്റെ മകന്‍ സഫ്വാന്‍ (18) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകരെ ചോദ്യംചെയ്തപ്പോഴാണ്് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

മനാഫ്, ഷബീര്‍ സുഹൈല്‍ എന്നിവര്‍ കുടുംബസമേതമാണ് സിറിയയിലേക്ക് പോയത്. അഞ്ചുപേരും നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. അബ്ദുള്‍ മനാഫ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയില്‍ കടന്നത്. ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷബീര്‍ നേരത്തെ ക്യാമ്പസ് ഫ്രണ്ട് നേതാവായിരുന്നു.

ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസിന്റെ ചില വെബ്സൈറ്റുകളിലൂടെയും ഇവര്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലുണ്ടെന്ന വിവരം മുമ്പുതന്നെ പൊലീസിന്  ലഭിച്ചിരുന്നുവെന്ന് ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.    സിറിയയില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസമാണ് പൊലീസ് പുറത്തുവിട്ടത്.

കണ്ണൂരില്‍ ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് പ്രത്യേക ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി പി പി  സദാനന്ദനാണ് ചുമതല.  തൃശൂര്‍ കണ്‍ട്രോള്‍ റൂം എസ്ഐ ബെന്നി, കാസര്‍കോട് സിഐ റഹീം, കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ദിനേശന്‍ എന്നിവരും സംഘത്തിലുണ്ട്.

അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകര്‍ തലശേരി കുഴിപ്പങ്ങാട് തൌഫീഖിലെ യു കെ ഹംസ, തലശേരി കോര്‍ട്ട് കോംപ്ളക്സ് സൈനാസിലെ മനാഫ് റഹ്മാന്‍, മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുള്‍ റസാഖ്, മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം വി റാഷിദ് എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ്.
 

Related News

കൂടുതൽ വാർത്തകൾ »