21 September Friday

2398 അടി എത്തിയാൽ ട്രയൽ റൺ ; ആശങ്ക വേണ്ട: മന്ത്രി എം എം മണി

കെ എസ‌് ഷൈജുUpdated: Friday Aug 3, 2018



നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഉടൻ തുറക്കില്ല. അതേസമയം, ജലനിരപ്പ് 2398 അടി എത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി ട്രയൽ റൺ നടത്തും. ഇടുക്കി കലക്ടറേറ്റിൽ മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ കാര്യമായ നീരൊഴുക്കില്ല. വ്യാഴാഴ്ച രാവിലെ മുതൽ പകൽ 12 വരെ ജലനിരപ്പ് 2396.12 അടിയായിരുന്നു. പകൽ മൂന്നോടെ 2396.16 ആയി. 2398 അടിയായാൽ മുന്നറിയിപ്പ് നൽകി പെരിയാർതീരത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്മാറ്റും.
ജാഗ്രതാസമിതിയും കലക്ടറും ചേർന്ന് എല്ലാ നടപടികളും പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 50 സെന്റീമീറ്റർ ഉയർത്താനാണ് തീരുമാനമെന്ന്  യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.  കാലവർഷം തുടരുകയാണ്. തുലാവർഷവും വരാനുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ട്രയൽറൺ നടത്താൻ തീരുമാനമെടുത്തത്.

ശക്തമായ നീരൊഴുക്കുണ്ടായാൽ അന്നത്തെ സാഹചര്യം അനുസരിച്ച് അണക്കെട്ട‌് തുറക്കേണ്ടി വന്നേക്കാം. അതിനു മുമ്പ‌് ട്രയൽ റൺ നടത്തിയാൽ അണക്കെട്ട‌് തുറക്കുമ്പോൾ നേരിട്ടേക്കാവുന്ന നാശനഷ്ടം സംബന്ധിച്ച് ഏകദേശധാരണ ലഭിക്കും. ട്രയൽ റൺ നടത്തുന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സംഭരണശേഷിയുടെ 91.83 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും താഴുകയാണ്. 135 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ്.

ഇവിടെയും വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയില്ല. അതോടൊപ്പം തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുമുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.95 അടിയിൽ എത്തിയിരുന്നു. ഇതിനു ശേഷമാണ് മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നത്. 15.104 ദശലക്ഷം യൂണിറ്റാണ് മൂലമറ്റം പവർഹൗസിലെ വ്യാഴാഴ്ചത്തെ വൈദ്യുതോൽപാദനം.

അവലോകന യോഗത്തിൽ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ എസ് ബിജിമോൾ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള, കലക്ടർ കെ ജീവൻ ബാബു, ജില്ലാ പൊലീസ് ചീഫ് കെ ബി വേണുഗോപാൽ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.അവലോകനയോഗത്തിനു ശേഷം മന്ത്രി എം എം മണി അണക്കെട്ട‌് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.  എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ എസ് ബിജിമോൾ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി എന്നിവരും മന്ത്രിെ്ക്കാപ്പമുണ്ടായിരുന്നു. യോളം റോഡ് പുനഃസ്ഥാപനത്തിനായി ആവശ്യമായി വരും.

ട്രയൽ റൺ : കെഎസ്ഇബിക്ക‌് നഷ്ടം മണിക്കൂറിൽ 10 ലക്ഷം
ട്രയൽ റൺ നടത്തുന്നതിലൂടെ ഇടുക്കി അണക്കെട്ട‌ിൽനിന്നും നാലുമണിക്കൂറിൽ പുറത്തേക്ക് ഒഴുക്കിക്കളയുന്നത് 7,20,000 ക്യൂബിക് മീറ്റർ(0.72 മില്യൻ ക്യുബിക് മീറ്റർ) വെള്ളം. മണിക്കൂറിൽ 10 ലക്ഷം രൂപയാണ് ഇതിലൂടെ കെഎസ്ഇബിക്ക് നഷ്ടമാവുക. ചെറുതോണി അണക്കെട്ടിന്റെഅഞ്ചുഷട്ടറുകളിൽ മധ്യഭാഗത്തെ ഒരു ഷട്ടറാണ് 50 സെന്റീമീറ്റർ ഉയർത്തുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എൻ സി പിള്ള പറഞ്ഞു. ഷട്ടർ ഉയർത്താൻ പത്തുമിനിറ്റ‌് വേണം. സെക്കൻഡിൽ 50 ക്യുബിക് മീറ്റർ എന്ന കണക്കിൽ നാലുമണിക്കൂറിൽ 0.72 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഒഴുകും. 1.058 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണിത്‌.

വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമില്ല. 1992 നു ശേഷം ചെറുതോണി പുഴയിലൂടെ പെരിയാറ്റിലേക്ക് അണക്കെട്ട‌ിൽനിന്നും വെള്ളം ഒഴുക്കിവിട്ടിട്ടില്ല. ഇപ്പോൾ നടത്തുന്നത് പരീക്ഷണം കൂടിയാണ്.  ഭാവിയിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ വെള്ളം ഒഴുകുമ്പോൾ എത്രത്തോളം സുഗമമായിരിക്കുമെന്ന വിലയിരുത്തലും ട്രയൽ റണ്ണിന് പിന്നിലുണ്ട്.

ഇടുക്കി അണക്കെട്ടിന് കെഎസ്ഇബി നിശ്ചയിച്ച പരമാവധി സംഭരണശേഷി 2403 അടിയാണ്. പിന്നെയും അഞ്ചരയടി കൂടി സംഭരണശേഷിയുണ്ട്. ഏത് അടിയന്തരസാഹചര്യത്തെയും അതിജീവിക്കാവുന്ന അണക്കെട്ടാണിത്. മുൻകാലങ്ങളിൽ ജലനിരപ്പ് 2401 അടിയിൽ എത്തിയപ്പോഴും തുറന്നിരുന്നില്ല. അന്ന് അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പ് നടത്തിയിരുന്നതേയുള്ളൂ. ട്രയൽ റൺ നടത്തുന്നതിലൂടെ ആത്മവിശ്വാസമുണ്ടാക്കാനാകുമെന്നും  എൻ സി പിള്ള പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top