11 December Tuesday

വരൾച്ച രൂക്ഷമാകുമെന്ന് സൂചന ;വേനൽച്ചൂട് കൂടി

ജയകൃഷ്ണൻ നരിക്കുട്ടിUpdated: Thursday Mar 1, 2018
കണ്ണൂർ > വരൾച്ച രൂക്ഷമാകുമെന്ന സൂചനയുമായി വേനൽച്ചൂട് കൂടുന്നു. കഴിഞ്ഞവർഷം ഏപ്രിലിലുണ്ടായ ചൂട് ഈ വർഷം ഫെബ്രുവരി അവസാനത്തോടെ അനുഭവപ്പെട്ടു തുടങ്ങി. കേരളത്തിൽ പാലക്കാടാണ് കൂടുതൽ ചൂട്. 40 ഡിഗ്രി. പുനലൂരിൽ 39 ഡിഗ്രിയിലെത്തി. എറണാകുളത്ത് 36 ഡിഗ്രിയും. കണ്ണൂരിൽ 33 ഡിഗ്രിയാണ് ഫെബ്രുവരി അവസാനം അനുഭവപ്പെട്ടത്. 
 
ജനങ്ങൾ സ്വയം ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് കടുത്ത ജലക്ഷാമമാകും. ഹരിതകേരള മിഷനിലൂടെ സർക്കാർ നിരവധി മുൻകരുതൽ നടപടികൾ  എടുക്കുന്നുണ്ടെങ്കിലും അതിന് ഫലമുണ്ടാകണമെങ്കിൽ ജനങ്ങളും ഒറ്റക്കെട്ടായി നീങ്ങണമെന്ന സൂചനയാണ് വർധിച്ചുവരുന്ന ചൂട് നൽകുന്നത്.   
മൺസൂൺ മഴ എല്ലാ ജില്ലകളിലും വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ ലഭിച്ചെങ്കിലും തുലാവർഷമാണ് ചതിച്ചത്. മൺസൂൺ മഴയിൽ ഇടുക്കിയും കോട്ടയവും പിന്നിലായിരുന്നുവെങ്കിലും തുലാവർഷവും അതിനെ തുടർന്നുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ ഫലമായുള്ള മഴയും തെക്കൻ കേരളത്തിലെ മഴ ലഭ്യതയെ സഹായിച്ചു.
 
അതേസമയം പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ തുലാവർഷത്തിൽ വൻകുറവാണ് രേഖപ്പെടുത്തിയത്. പാലക്കാട് 60 ശതമാനം മഴ കുറവായിരുന്നു.  വയനാട്ടിൽ 50 ശതമാനവും കാസർകോട് 46 ശതമാനവും കോഴിക്കോട് 34 ശതമാനവും തൃശൂരിൽ 31 ശതമാനവും കണ്ണൂരിൽ 27 ശതമാനവും മലപ്പുറത്ത് 23 ശതമാനവും തുലാവർഷം കുറഞ്ഞു. 
 
ജലലഭ്യത കുറഞ്ഞതോടെ പരിസ്ഥിതി ആഘാതം നോക്കാതെ ഭൂമിയിൽനിന്ന്  വെള്ളം ഊറ്റുകയെന്ന ശൈലിയാണ് തുടരുന്നത്. ഓരോ ദിവസവും ശരാശരി 23 മുതൽ 28വരെ കുഴൽകിണറുകൾ സംസ്ഥാനത്ത് കുഴിക്കുന്നുണ്ടെന്നാണ് ജിയോളജി വിഭാഗത്തിന്റെ കണക്ക്. കുഴൽകിണർ കുഴിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും  പാലിക്കപ്പെടുന്നില്ല.  
 സംസ്ഥാനത്തെ 18 ബ്ലോക്കുകളിലാണ് ഭൂഗർഭജലം വൻതോതിൽ കുറഞ്ഞ്. കണ്ണൂർ ജില്ലയിൽ തലശേരിയും എടക്കാടിന്റെ പകുതിയും ഏറ്റവും കുറവ് ഭൂഗർഭജല സംഭരണമുള്ള പ്രദേശമാണ്. 
 
ഹരിതകേരള മിഷനിൽ കിണർ റീചാർജ്, താൽകാലിക തടയണ നിർമാണം, കുളം നിർമാണം, ചെക്ക്ഡാം നിർമാണം, നെൽപച്ചക്കറി കൃഷി വ്യാപിപ്പിക്കൽ തുടങ്ങി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.
 

 

പ്രധാന വാർത്തകൾ
Top