18 November Sunday
സമാനതകളില്ലാത്ത രാക്ഷാപ്രവര്‍ത്തനം

എറണാകുളം ജില്ലയില്‍ വെള്ളം ഒഴിയുന്നു; ഇന്ന് രക്ഷപ്പെടുത്തിയത് 54800 പേര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി > പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച ജില്ലയില്‍ പലയിടങ്ങളിലും ജലനിരപ്പ് കുറഞ്ഞതോടെ ആശങ്ക ഒഴിയുന്നു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും ഐജി വിജയ് സാക്കറെയുടെയും നേതൃത്വത്തിലുള്ള ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിലൂടെ 54800 ലധികം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തി. ഇന്ന് വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

ഹെലികോപ്ടറുകള്‍, ബോട്ടുകള്‍, ചെറുവഞ്ചികള്‍, ബാര്‍ജ്, റോ റോ എന്നിവയിലൂടെ രക്ഷാപ്രവര്‍ത്തനം മുന്നേറി. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് രക്ഷപെടുത്തിയത്. 15 പേരെ വ്യോമസേനയും 237 പേരെ നാവിക സേനയും ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. ബോട്ട് മാര്‍ഗം 17347 പേരെയും രക്ഷപ്പെടുത്തി. ഇതിലേറെയും മത്സ്യത്തൊളിലാളി ബോട്ടുകള്‍ രക്ഷപെടുത്തിയവരാണ്. 2 15 മത്സ്യത്തൊഴിലാളി ബോട്ടുകളാണ് ദുരിതക്കയത്തിലകപ്പെട്ട ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുന്നത്. നാവിക സേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും  രംഗത്തുണ്ട്. റോഡ് മാര്‍ഗം 27400 പേരെയും രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ കുടുങ്ങിക്കിടന്ന വീടുകളില്‍ നിന്ന് പുറത്തെത്തി. കളമശേരി പത്തടിപ്പാലം റെസ്റ്റ് ഹൗസിലെ കണ്‍ട്രോള്‍ റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് വഴിതെളിഞ്ഞത്. നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാ പിന്തുണയും നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഗ്രൂപ്പുകള്‍, നേവിയുടെ 17 ട്രൂപ്പുകള്‍, കരസേനയുടെ മൂന്ന് ട്രൂപ്പുകള്‍ എന്നീ സേനാ വിഭാഗങ്ങളെ ദുരിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും ക്യാംപുകളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന വീടുകളിലും എത്തിക്കുന്നു. 91340 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിനായി നേവിയുടെ രണ്ട് ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ആലുവ യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റില്‍ നാവിക സേനയുടെ കിച്ചന്‍ ആരംഭിച്ചു. 7500 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ടോറസുകളിലും ട്രക്കുകളിലുമാണ് ദുരിത ബാധിത മേഖലകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഇതര ജില്ലകളില്‍ നിന്നടക്കം ഡ്രൈവര്‍മാര്‍ ലോറികളുമായി എത്തിയിട്ടുണ്ട്. ഭക്ഷണ, അവശ്യ സാധന വിതരണം, രക്ഷാപ്രവര്‍ത്തനം, വൈദ്യസഹായം എന്നീ പ്രവൃത്തികള്‍ സമഗ്രമായി ഏകോപിപ്പിക്കുന്നു. 300 ഡോക്ടര്‍മാരുടെ ശൃംലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രവര്‍ത്തനമാരംഭിച്ചു.

ജില്ലയില്‍ 597 ക്യാംപുകളിലായി 47 138 കുടുംബങ്ങളിലെ 181607 പേരാണ് കഴിയുന്നത്. അവസാന വ്യക്തിയെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതു വരെ രക്ഷാപ്രവര്‍ത്തനം ഇതേ രീതിയില്‍ തുടരുമെന്നും ഭക്ഷണ വിതരണം ഊര്‍ജിതമായി നടപ്പാക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. എം എല്‍ എ മാരായ ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി. തോമസ്, മുന്‍ എംപി പി. രാജീവ് എന്നിവരും കണ്‍ട്രോള്‍ റൂമിലെത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top