12 December Wednesday

അഭിനയത്തികവില്‍ ശര്‍മയ്ക്ക് വീണ്ടും പുരസ്കാരലബ്ധി

കെ ബി ജോയിUpdated: Wednesday Oct 2, 2013
കൊല്ലം: ജീവിതത്തിന്റെ പിന്നാമ്പുറത്ത് ഉപേക്ഷിക്കപ്പെട്ട എഴുപതുകാരനായ വിമുക്തഭടനിലേക്കുള്ള പരകായപ്രവേശം മുപ്പത്തൊമ്പതുകാരനായ രാജേഷ് ശര്‍മയ്ക്ക് നേടിക്കൊടുത്തത് സംസ്ഥാനത്തെ ഏറ്റവും മികച്ച അഭിനയ പുരസ്കാരം. സംഗീതനാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തിലെ മികച്ച നടനുള്ള അവാര്‍ഡാണ് ഓലയില്‍ കുമ്പളത്ത് വീട്ടില്‍ രാജേഷിനെ തേടിയെത്തിയത്. തിരുവനന്തപുരം മഞ്ജരി നാടകപഠനകേന്ദ്രം അവതരിപ്പിച്ച "സെഷന്‍ 302 മര്‍ഡര്‍" നാടകത്തിലെ വിരമിച്ച പട്ടാളക്കാരന്റെ വേഷമാണ് രാജേഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പൂര്‍ണസമയ നാടകപ്രവര്‍ത്തകനായ രാജേഷ് ശര്‍മയ്ക്ക് സംഗീത നാടകഅക്കാദമി നല്‍കുന്ന മൂന്നാമത്തെ പുരസ്കാരമാണ് ഇത്. 2002ല്‍ അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ കൊല്ലം അരീനയുടെ "അമ്പലപ്രാവ്" എന്ന നാടകത്തിലെ മദ്യപാനിയായ ചെണ്ടക്കാരനിലൂടെ മികച്ച നടനായും 2010ല്‍ നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ "മക്കള്‍കൂട്ടം" നാടകത്തിലെ മാരിമുത്ത് എന്ന കഥാപാത്രത്തിലൂടെ അമച്വര്‍ നാടകമത്സരത്തില്‍ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞെടുത്തിരുന്നു. കുട്ടികളുടെ നാടകരംഗത്തും സജീവമായ രാജേഷ് ശര്‍മ സംസ്ഥാന ശാസ്ത്രനാടകമത്സരത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ല്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടപ്പാക്കിയ കഥാര്‍സിസ് എന്ന പ്രോജക്ടില്‍ 50 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച "എന്റെ ഗ്രാമം" എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു. ഈ നാടകം ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു. പ്രകാശ് കലാകേന്ദ്രത്തിന്റെ ഛായാമുഖി, തിയറ്റര്‍ ഇനിഷ്യേറ്റീവിന്റെ ശുദ്ധമദ്ദളം തുടങ്ങി അറുപതോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോപാനം പെര്‍ഫോര്‍മിങ് സെന്ററില്‍നിന്ന് നാടകഅഭിനയത്തില്‍ പരിശീലനം നേടി. ജയന്തശര്‍മയാണ് അച്ഛന്‍. അമ്മ ജയലക്ഷ്മി. കുട്ടിസ്രാങ്ക്, അന്നയും റസൂലും എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top