19 January Saturday

ബഹിരാകാശ സ്വപ്‌ന പദ്ധതി ഗഗൻയാൻ നയിക്കുന്നത‌് മലയാളികൾ

ദിലീപ‌് മലയാലപ്പുഴUpdated: Saturday Jan 12, 2019

ഡോ. എസ‌് ഉണ്ണികൃഷ‌്ണൻനായരും ആർ ഹട്ടനും

തിരുവനന്തപുരം>മൂന്ന‌് ഇന്ത്യൻ യാത്രികരെ ബഹിരാകാശത്ത‌് എത്തിക്കുന്ന പദ്ധതിക്ക‌് ചുക്കാൻ പിടിക്കുന്നത‌് രണ്ട‌് മലയാളികൾ. ഐ‌‌എസ‌്ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടർ ഡോ. എസ‌് ഉണ്ണികൃഷ‌്ണൻനായരാണ‌്. പ്രോജക്ട‌് ഡയറക്ടർ ആർ ഹട്ടനും. പ്രമുഖ ബഹിരാകാശ ശാസ‌്ത്രജ‌്ഞരായ ഇരുവരും‌ നിലവിൽ തിരുവനന്തപുരം വിഎസ‌്‌എസ‌്സി കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്നവരാണ‌്.

മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന പദ്ധതിക്കായി ബംഗളൂരു കേന്ദ്രമായി രൂപീകരിച്ച ഹ്യൂമൻ സ‌്പേയ‌്സ‌് ഫ‌്ളൈറ്റ‌്സെന്ററിന്റെ മുഖ്യചുമതല ഉണ്ണികൃഷ‌്ണൻനായർക്കാണ‌്. വിഎസ‌്എസ‌്സിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന എച്ച‌്എസ‌്ഇപിയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. കോട്ടയം കോതനല്ലൂർ സ്വദേശിയാണ‌്. 2014 ലെ ക്രൂമോഡ്യൂൾ(കെയർ) വിക്ഷേപണത്തിലും കഴിഞ്ഞ വർഷത്തെ ക്രൂ എസ‌്കേപ്  പരീക്ഷണത്തിനും മുഖ്യപങ്ക‌് വഹിച്ചു. നിരവധി വിക്ഷേപണങ്ങൾക്ക‌് നേതൃത്വം നൽകിയ ആർ ഹട്ടൺ നിലവിൽ പിഎസ‌്എൽവിയുടെ പ്രോജക്ട‌് ഡയറക്ടറാണ‌്.


ഇവരെ കൂടാതെ ആറ‌് ഡെപ്യൂട്ടി ഡയറക്ടർമാരെ കൂടി ഗഗൻയാൻ പദ്ധതിക്കായി നിയോഗിച്ചിട്ടുണ്ട‌്. ഇവരിൽ അഞ്ച‌് പേരും വിഎസ‌്എസ‌്സിയിൽ നിന്നുള്ളവരാണ‌്. മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന പദ്ധതിയുടെ പ്രാഥമിക പ്രവർത്തനം വർഷങ്ങൾക്ക‌് മുമ്പു തന്നെ വിഎ‌സ‌്എസ‌്സിയിൽ തുടക്കമിട്ടതാണ‌്. സ‌്പേയ‌്സ‌് സ്യൂട്ട‌്, പാരച്യൂട്ട‌് തുടങ്ങിയവ വികസിപ്പിക്കുന്നതിൽ ഏറെ മുന്നിലെത്തുകയും ചെയ‌്തു. പേടകത്തെ വിക്ഷേപിച്ച‌് വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിൽ(എസ‌്ആർഇ) 2007 ൽ വിജയം കണ്ടു.

550 കിലോ ഭാരമുള്ള പേടകം 12 ദിവസത്തെ യാത്രക്ക‌് ശേഷമാണ‌് സുരക്ഷിതമായി തിരിച്ചിറക്കിയത‌്. ബഹിരാകാശത്തേക്ക‌് യാത്രികരെ കൊണ്ടു പോകുന്നതിനുള്ള ക്രൂമോഡ്യൂൾ സമീപകാലത്ത‌് വിജയകരമായി വിക്ഷേപിച്ചു. ജിഎസ‌്എൽവി മാർക്ക‌് 3 റോക്കറ്റിലായിരുന്നു ഇത‌്.
മൂന്നുപേരെ ബഹിരാകാശത്ത‌് എത്തിക്കുന്നതിനും സുരക്ഷിതമായി മടക്കിക്കൊണ്ടു വരുന്നതിനും ഇനിയും കടമ്പകളേറെയാണ‌്.

അവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ‌് ശാസ‌്ത്രജ‌്ഞർ. ബംഗളൂരുവിലാണ‌് പ്രധാന കേന്ദ്രമെങ്കിലും ഇതിനായുള്ള സാങ്കേതികവിദ്യ വികസനത്തിനും മറ്റുമുള്ള മുഖ്യകേന്ദ്രം വിഎസ‌്എ‌സ‌്സിയാണ‌്. ജിഎസ‌്‌എൽവി മാർക്ക‌് 3 റോക്കറ്റ‌് വികസിപ്പിക്കുന്നതും രൂപകൽപ്പന ചെയ്യുന്നതും തിരുവനന്തപുരത്താണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top