21 October Sunday

ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ 7 മണിക്കൂര്‍ ചോദ്യംചെയ്തു‌; നാളെയും തുടരും

അഞ്ജുനാഥ്Updated: Wednesday Sep 19, 2018

കൊച്ചി > കന്യാസ്‌ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ്‌തു‌. പകല്‍ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. വ്യാഴാഴ്ച‌ പകല്‍ 11ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്. നാലു ക്യാമറകളിലൂടെ ഇത് പകര്‍ത്തുകയും ചെയ്‌തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും  സൗകര്യം ഉണ്ടായിരുന്നു.

താന്‍ നിരപരാധിയാണെന്ന നിലപാട് ബിഷപ് ആവര്‍ത്തിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിനായി കേരളത്തിലെത്തിയ  ഫ്രാങ്കോ  മുളയ്‌ക്കല്‍ ചൊവ്വാഴ്ച തൃശൂരിലാണ് തങ്ങിയത്. ബുധനാഴ്ച പകല്‍ 11ന് കാറില്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ എത്തി. ഓഫീസിലും പരിസരത്തും കനത്ത സുരക്ഷാവലയം ഒരുക്കിയിരുന്നു.

പീഡന പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ് ഫ്രാങ്കോയെ പൊലീസ് ചോദ്യംചെയ്യുന്നത്. നേരത്തെ ജലന്ധറില്‍ എത്തി ഒമ്പതു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബിഷപ്പിനു വേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് 25ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്. 




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top