22 September Saturday

സംഭാവനയായി 35 സെന്റ് സ്ഥലം; പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

ജയചന്ദ്രന്റെ മാതാപിതാക്കളായ ആനന്ദവല്ലിയും ചന്ദ്രശേഖര പണിക്കരും

കൊച്ചി> പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംസ്ഥാന പാതയ്ക്കരികിലെ 35 സെന്റ്‌ സ്ഥലം സിപിഐ എമ്മിന് കൈമാറി അമേരിക്കന്‍ മലയാളി. "പാര്‍ട്ടിയ്ക്ക് സ്ഥലം വിറ്റ് തുക പാര്‍ട്ടി സമാഹരിയ്ക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് എടുക്കാം. ആ സ്ഥലത്ത് ദുരിതബാധിതര്‍ക്കായി എന്തെങ്കിലും നിര്‍മ്മിയ്‌‌‌‌‌ക്കുകയാണ് ആവശ്യമെങ്കില്‍ അതും ചെയ്യാം'' അദ്ദേഹം അമേരിക്കയില്‍ നിന്ന് ഫോണില്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കൂത്താട്ടുകുളം തിരുമാറാടി സോപാനം വീട്ടിൽ കെ സി ആനന്ദവല്ലിയുടെയും കെ ചന്ദ്രശേഖര പണിക്കരുടെയും മകനായ കെ ജയചന്ദ്രനാണ‌് കൂത്താട്ടുകുളം ടൗണിനടുത്ത‌് സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം നൽകുന്നത‌്. മൂവാറ്റുപുഴ നിർമ്മലാകോളേജിലെ യൂണിയൻ ഭാരവാഹിയും എസ‌്എഫ‌്ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു ജയചന്ദ്രൻ.

തിരുമാറാടി സിപിഐ എം ലോക്കൽ  സെക്രട്ടറി അനിൽ ചെറിയാനെ അറിയിച്ച‌് ഉടൻ തന്നെ ഭൂമി രജിസ‌്റ്റർ ചെയ‌്തു നൽകാനും   ജയചന്ദ്രൻ പറഞ്ഞതായി നാട്ടിലുള്ള മാതാപിതാക്കൾ അറിയിച്ചു.  മകന്റെ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന‌് അമ്മ ആനന്ദവല്ലി പറഞ്ഞു. ‘അധികം സമ്പാദിച്ചിട്ടല്ല. എങ്കിലും അവൻ അങ്ങനെയാണ‌്. ആരെയും സഹായിക്കും. പ്രത്യേകിച്ച‌് പാർട്ടിയുടെ ആവശ്യങ്ങൾക്ക‌് അവൻ കയ്യയച്ച‌് നൽകും.’ ആനന്ദവല്ലിയമ്മ കൂട്ടിച്ചേർത്തു.

ജയചന്ദ്രൻ സ്വന്തം അധ്വാനത്തിൽ നിന്ന‌് മാറ്റിവെച്ച പണം കൊണ്ട‌് വാങ്ങിയതാണ‌് ഈ സ്ഥലം. നാട്ടിൽ ഇല്ലാത്തതിനാലാണ‌് അച്ഛന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ‌്തത‌്. 48 സെന്റ‌് സ്ഥലം ഉണ്ടായിരുന്നു. 10 സെന്റ‌് സ്ഥലം നേരത്തെ തന്നെ വീടില്ലാത്ത ഒരു ബന്ധുവിന‌് സൗജന്യമായി നൽകി. ബാക്കിയുള്ള 38 സെന്റിൽ നിന്ന‌് റോഡിനും കുറച്ച‌് സ്ഥലം വിട്ടു നൽകിയിട്ടുണ്ട‌്. ശേഷിക്കുന്ന 35 സെന്റ‌് സ്ഥലമാണ‌് സിപിഐ എമ്മിന‌് വിട്ടു നൽകുന്നത‌്.കൂത്താട്ടുകുളത്ത് മേരിഗിരി കോളെജിനരികില്‍ എം സി റോഡിന് ചേര്‍ന്നാണ് സ്ഥലം.

എംസിഎ പൂർത്തിയാക്കി 20 വർഷമായി അമേരിക്കയിൽ സോഫ‌്റ്റ‌്‌വെയർ രംഗത്ത‌് ജോലി ചെയ്യുന്നു. ചന്ദ്രശേഖര പണിക്കർ റിട്ടയേഡ‌് റവന്യൂ ഇൻസ‌്പെക‌്ടർ ആണ‌്. പാർട്ടി അംഗവും 13 വർഷം കാക്കൂർ സർവ്വീസ‌് കോ ഓപ്പറേറ്റീവ‌് ബാങ്ക‌് പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖര പണിക്കർ വാർധക്യ സഹജമായ അനാരോഗ്യത്തെ തുടർന്ന‌് സജീവ രാഷ‌്ട്രീയത്തിൽ ഇല്ല. അമ്മ ആനന്ദവല്ലി റിട്ടയേഡ‌് അധ്യാപികയും കാക്കൂർ സഹകരണ ബാങ്ക‌് ഡയറക‌്ടർ ബോർഡ‌് അംഗവുമാണ‌്. അമ്മ ഇപ്പോഴും പാർട്ടി അംഗമാണ‌്‌.

ഭാര്യ മലയാളിയായ ആന്റേ ജയചന്ദ്രനും സോഫ‌്റ്റ‌്‌വെയർ രംഗത്ത‌് അമേരിക്കയിൽ ജോലി ചെയ്യുന്നു. ഇവർക്ക‌് രണ്ടു മക്കൾ ഉണ്ട‌്.  അഭിമന്യു മരിച്ചതിനെ തുടർന്നുള്ള ഫണ്ട‌് ശേഖരണത്തിലും ജയചന്ദ്രൻ വലിയ തുക സംഭാവന നൽകിയിരുന്നു‌.

 

.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top