Top
20
Tuesday, February 2018
About UsE-Paper

ഉല്‍പ്പാദനം കൂടിധാന്യം പാഴായാലും വിഹിതം തരില്ല

Saturday Feb 18, 2017
സാജന്‍ എവുജിന്‍


ന്യൂഡല്‍ഹി > മഴ കുറവായിരുന്നിട്ടും കഴിഞ്ഞവര്‍ഷം രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിച്ചു. 25.31 കോടി ടണ്‍ ഭക്ഷ്യധാന്യമാണ് 2015-16ല്‍ ലഭിച്ചത്. ഇക്കൊല്ലം റെക്കോഡ് ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 10.85 കോടി ടണ്‍ അരി ഉള്‍പ്പെടെ മൊത്തം 27.01 കോടി ടണ്‍ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷിമന്ത്രി രാധാമോഹന്‍സിങ് പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കാന്‍ ആവശ്യമായതിലും കൂടുതല്‍ ധാന്യശേഖരം സംഭരണശാലകളിലുണ്ട്. മതിയായ തോതില്‍ സംഭരണശാലകള്‍ ഇല്ലെന്നേയുള്ളൂ. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പലപ്പോഴും കേടുവന്ന് നശിക്കുന്നു.

എന്നിരുന്നാലും കേരളത്തിന് മതിയായ ഭക്ഷ്യധാന്യവിഹിതം അനുവദിക്കില്ലെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനം മാത്രം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളാണ് കേരളം കൂടുതലായും ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് പരിഹാരമായി കേരളത്തിന് മതിയായ തോതില്‍ ഭക്ഷ്യധാന്യവിഹിതം നല്‍കാമെന്ന്, എ കെ ജിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഉറപ്പുനല്‍കുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നാണ് 1966 മുതല്‍ കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം നടപ്പാക്കിയിരുന്നത്. എന്നാല്‍, 1997ല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം നടപ്പാക്കിയപ്പോള്‍ ചില മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അധികവിഹിതമായി ഭക്ഷ്യധാന്യം അനുവദിച്ചുവന്നു. പ്രതിവര്‍ഷം 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് ലഭിച്ചുവന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയപ്പോള്‍ കേരളത്തിന്റെ പ്രത്യേകത പരിഗണിച്ചില്ല. നിയമം കൊണ്ടുവന്നത് കേരളത്തില്‍നിന്നുള്ള മന്ത്രിയായിരുന്ന കെ വി തോമസാണ്. നിയമത്തില്‍ കേരളംപോലുള്ള സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. അതൊന്നും അംഗീകരിച്ചില്ല. അന്നത്തെ യുഡിഎഫ് സര്‍ക്കാരും കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചില്ല.

കേന്ദ്രനിയമം പാസായശേഷം അത് നടപ്പാക്കുന്നതിലും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാട്ടി. പലതവണ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് വരികയും എല്‍ഡിഎഫിന് അധികാരം ലഭിക്കുകയും ചെയ്തു.   ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നേരത്തെ അനുവദിച്ച സമയപരിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം കേരളത്തെ ശിക്ഷിച്ചു; അധികമായി നല്‍കിവന്ന രണ്ടുലക്ഷം ടണ്‍ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചു.

ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്നവരുടെ ദേശീയ ശരാശരി 67 ശതമാനമാണ്. കേരളത്തില്‍ ഇത് 46 ശതമാനം മാത്രം. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോജനം ലഭിക്കുക. കേരളത്തില്‍ ബിപിഎല്‍ പട്ടികയില്‍ വരുന്ന പലരും മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവര്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം കിട്ടാത്തത് വിവേചനപരമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ടുലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചാല്‍തന്നെ കിലോഗ്രാമിന് 25 രൂപവീതം നല്‍കണമെന്നാണ് ഭക്ഷ്യമന്ത്രി പാസ്വാന്‍ പറയുന്നത്. 25 രൂപയ്ക്ക് അരിയെടുത്ത് കുറഞ്ഞ വിലയില്‍ നല്‍കാന്‍ കേരളത്തിന് സാമ്പത്തികശേഷിയില്ല.

കേരളത്തിന് അനുവദിച്ചുവന്ന രണ്ടുലക്ഷം ടണ്‍ അധിക ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന നിലപാടാണ് അന്ന് പ്രധാനമന്ത്രി സ്വീകരിച്ചത്. അധികഭക്ഷ്യധാന്യ വിഹിതത്തിന്റെ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ കേരളവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യ- പൊതുവിതരണമന്ത്രി രാംവിലാസ് പാസ്വാനും  മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഈ വിഷയം പലപ്രാവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തി. എന്നാല്‍, കേരളത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനം കേന്ദ്രം തുടരുകയാണ്.