18 December Tuesday

18 % ജനവാസമേഖലയിലും വെള്ളപ്പൊക്കസാധ്യതയെന്ന‌് പഠനം

സി എ പ്രേമചന്ദ്രൻUpdated: Wednesday Aug 29, 2018



കേരളത്തിന്റെ 5642.68 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളാണൈന്ന‌് പഠനം. മൊത്തം വിസ്തൃതിയുടെ 14.5 ശതമാനമാണിത്. 2010ലെ ഭൗമശാസ്ത്രപഠന കേന്ദ്രത്തിന്റെ പഠനപ്രകാരമാണിത്. സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയും ഇത്തരം മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. 38863 ചതുരശ്രകിലോമീറ്ററാണ് കേരളത്തിന്റെ ഭൂവിസ്തൃതി. ദേശീയ ജല കമീഷന്റെ മാനദണ്ഡപ്രകാരം ഇതിൽ 8700 ചതുരശ്ര കിലോമീറ്റർ വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ്.

എന്നാൽ ബണ്ടുകൾ പൊട്ടിയും പുഴകൾ വഴിമാറി ഒഴുകിയതോടെയും ഇതിനേക്കാൾ കൂടുതൽ മേഖലകളിൽ ഈ വർഷം പ്രളയക്കെടുതികളുണ്ടായി.
തുടർച്ചയായി രണ്ടു ദിവസം കനത്തമഴ പെയ്താൽ കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. മഴയുടെ തീവ്രത, ഭൂമിയുടെ അവസ്ഥ എന്നിവ ഇതിന്റെ രൂക്ഷതയേറ്റും. ശരാശരി തീവ്രത മണിക്കൂറിൽ 100 മില്ലിമീറ്ററാണ്.  ഇത‌് 400 മില്ലീമീറ്റർവരെ ഉയർന്നിട്ടുണ്ട‌്. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, തൃശൂർ കോൾപ്പാടങ്ങൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കസാധ്യത കൂടുതൽ. എറണാകുളം, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളപ്പൊക്ക സാധ്യതയേറെയാണ്. വയനാട് ഉയർന്ന പ്രദേശമായാലും മാനന്തവാടി മേഖല വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്.

സെസ് പഠനപ്രകാരം ആലപ്പുഴയിൽമാത്രം 762.57 ചതുരശ്രകിലോമീറ്ററാണ് വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ. ജില്ലയുടെ മൊത്തം വിസ്തൃതിയുടെ 53.77 ശതമാനമാണിത്. എറണാകുളത്ത്  718.94, തൃശൂർ 688.44 ചതുരശ്ര കിലോമീറ്റുമാണ് വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങൾ. എറണാകുളത്ത് ഭൂവിസ്തൃതിയുടെ 23.50ഉം, തൃശൂരിൽ 22.65 ശതമാനവുമാണിത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top