26 September Wednesday

1924ന‌് ശേഷമുള്ള ഏറ്റവും വലിയ കാലവർഷക്കെടുതി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 
തിരുവനന്തപുരം
1924നുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിച്ചതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏൽപ്പിച്ച ആഘാതത്തിൽനിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.

പ്രാഥമിക വിലയിരുത്തലനുസരിച്ച്  ഏകദേശം 8316 കോടി രൂപയുടെ നഷ്ടമാണ്  സംഭവിച്ചത്. 38 പേർ മരിച്ചു. നാലുപേരെ കാണാതായി. ഏതാണ്ട് 20,000 വീട‌് പൂർണമായും തകർന്നു. 439 ദുരിതാശ്വാസക്യാമ്പ‌് ആരംഭിച്ചു. പതിനായിരത്തോളം കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ  തകർന്നു. പ്രാദേശിക റോഡുകളും പാലങ്ങളും കൂടാതെയാണിത‌്. കാർഷികവിഭവങ്ങളും വൻതോതിൽ നശിച്ചു. 215 ഇടത്ത‌് ഉരുൾപൊട്ടി.  27 ഡാം തുറന്നുവിടേണ്ടി വന്നു.  ഏക വരുമാനമാർഗമായിരുന്ന വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളിൽ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികൾ മലിനമാകുന്ന പ്രശ്നവും ഉയർന്നുവന്നു. ഇതെല്ലാംമൂലമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ വേറെ.

നിരവധിപേർ വീടുകളിൽ വെള്ളം കയറിയും വീട് തകർന്നും കഴിയുകയാണ്.  രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടർന്ന് ക്യാമ്പുകളിൽ എത്തിച്ചേർന്ന ഏകദേശം 60,000 പേരിൽ 30,000 പേർ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടങ്ങളിൽ സാധാരണ ജീവിതത്തിലേക്ക‌് മടങ്ങാൻ ഒട്ടേറെ സമയമെടുക്കും.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത‌് നടന്നതെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന കേന്ദ്രത്തിൽ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവർത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാൻ കൈയും മെയ്യും മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവരോടും  നന്ദി രേഖപ്പെടുത്തുന്നു. ഈ സഹകരണം തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top