22 November Thursday

വെള്ളംകയറി ആരാധന മുടങ്ങിയ ക്ഷേത്രം സിപിഐ എം പ്രവർത്തകർ വൃത്തിയാക്കി

സ്വന്തം ലേഖകൻUpdated: Friday Aug 24, 2018

തിരുവാതുക്കൽ പാറപ്പാടം ദേവി ക്ഷേത്രത്തിൽ സിപിഐ എം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുന്നു.

പുതുപ്പള്ളി > വെള്ളപ്പൊക്കത്തിനുശേഷം ഒരാഴ്ചയോളമായി ചെളികയറി ആരാധന മുടങ്ങി കിടന്നിരുന്ന ക്ഷേത്രം സിപിഐ എം പ്രവർത്തകർ വൃത്തിയാക്കി. മീനച്ചിലാറിന്റെ കരയിലുള്ള കോട്ടയം തിരുവാതുക്കൽ പാറപ്പാടം ദേവി ക്ഷേത്രത്തിലാണ് വെള്ളം കയറിയത്. ജില്ലയിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷേത്രവും വൃത്തിയാക്കിയത്.



ചേറ് മൂടിക്കിടന്നിരുന്ന ഊട്ടുപുര, ക്ഷേത്ര മൈതാനം, കെടാവിളക്ക്, കൽവിളക്കുകൾ, കൊടിമരം, ക്ഷേത്രകവാടം, ഗെയ്റ്റ് എന്നിവയെല്ലാം വൃത്തിയാക്കി ക്ഷേത്രപരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് ബ്ലീച്ചിംഗ് പൗഡറും നിക്ഷേപിച്ചു. 30 പാർടി പ്രവർത്തകർ ആറു മണിക്കൂർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രളയ സമയത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളും വെള്ളത്തിനടിയിൽ ആയിരുന്നു. സിപിഐ എമ്മിന്റെ കൂരോപ്പട ലോക്കൽ കമ്മിറ്റിയിലെ പാർടി പ്രവർത്തകരാണ് ശുചീകരണം നടത്തിയത്. 



ഈ പ്രദേശം ഇപ്പോഴും പ്രളയത്തിൽ നിന്ന് പൂർണമായി മോചിതമായിട്ടില്ല. ദിവസവും നൂറുകണക്കിന് ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നതാണ്. ക്ഷേത്രവും പരിസരവും വൃത്തിയാക്കി തന്ന സിപിഐ എം‐ഡിവൈഎഫ്ഐ പ്രവർത്തകരോട് നന്ദിയുണ്ടെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് കെ എസ് അജയൻ ദേശാഭിമാനിയോട് പറഞ്ഞു. ഈ പ്രദേശത്തെ വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ ക്ഷേത്ര പരിസരം വൃത്തിയാക്കാൻ ഇപ്പോൾ നാട്ടുകാരെ കിട്ടുന്ന സാഹചര്യം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാർ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, റെജി സക്കറിയ, ഏരിയ സെക്രട്ടറിമാരായ ബി ശശികുമാർ, സുഭാഷ് പി വർഗീസ് എന്നിവരും തിരുവാർപ്പ് മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈ പ്രദേശത്തെ 70 വീടുകളും വ്യാഴാഴ്ച പാമ്പാടി വാകത്താനം കൂരോപ്പട ലോക്കൽ കമ്മിറ്റിയിലെ പാർട്ടി പ്രവർത്തകർ വൃത്തിയാക്കി. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top