23 September Sunday
തിരുവോണ ദിവസം ആര്‍എസ്എസ് ഭീകരത

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളി യുവാവിനെ ആര്‍എസ്എസ് സംഘം വെട്ടി

സ്വന്തം ലേഖകന്‍Updated: Monday Aug 27, 2018


കരുനാഗപ്പള്ളി >  തിരുവോണ ദിവസം നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട് ആര്‍എസ്എസ് സംഘം. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളി യുവാവിനെ  വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. തിരുവോണത്തിന്   ഉച്ചതിരിഞ്ഞതോടെയാണ് ആക്രമണ പരമ്പര അരങ്ങേറിയത്. ആലപ്പാട് കാക്കത്തുരുത്ത് തൈമൂട്ടില്‍ ചന്തു പ്രദീപി (31)നാണ് വെട്ടേറ്റത്.  ആലുംകടവ് ചാലിതെക്കേ ജങ്ഷനു സമീപമായിരുന്നു ആക്രമണം.

ചന്തു പ്രദീപ് സുഹൃത്ത് അരുണ്‍ദാസിനൊപ്പം ബൈക്കില്‍ വരവെ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. വടിവാള്‍കൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ചന്തുവിനെ ഉടന്‍ തന്നെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കു മാറ്റി.

ഞായറാഴ്ച   ആശുപത്രിയിലെ സീനിയര്‍ പ്ലാസ്റ്റിക് സര്‍ജന്‍  ആശ സിറിയക്കിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. വലതുകൈയിലെ നടുവിരലും മോതിരവിരലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഞരമ്പുകളും അറ്റുപോയി. ഇടതുകൈക്കുഴയ്ക്കും വെട്ടേറ്റിട്ടുണ്ട്.

ചെങ്ങന്നൂരില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൂടിയായ ചന്തു. ചന്തുവിന്റെ സഹോദരനെ  ഒരു മാസം മുമ്പ് ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തറയില്‍മുക്കില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അതുലിനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു. മുത്തേടത്ത് കടവില്‍  കൊടിമരം  നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുലശേഖരപുരം മരങ്ങാട്ടുമുക്കില്‍ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ 30 അംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ഡിവൈഎഫ്ഐ കുലശേഖരപുരം സൗത്ത് മേഖലാ സെക്രട്ടറി ഹരികൃഷ്ണന്‍ ഉള്‍പ്പെടെ ജങ്ഷനില്‍നിന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആലുംകടവ് ചാലില്‍തെക്കേ ജങ്ഷനു സമീപം നേരത്തെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്ന ഗുരുസമിതിയുടെ കെട്ടിടം കേന്ദ്രീകരിച്ചാണ് അടുത്തകാലത്തായി ആര്‍എസ്എസ് പ്രവര്‍ത്തനം. വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തുന്നവര്‍ ഇവിടെ സംഘം ചേര്‍ന്ന് നിരവധി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവരുന്നതായി സമീപവാസികള്‍ പറയുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top