19 July Thursday

0-3,ലോകകപ്പ് ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

തടുക്കാനായില്ല... അമേരിക്കയുടെ ടിം വിയയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ മലയാളിതാരം കെ പി രാഹുല്‍

ന്യൂഡല്‍ഹി > തോറ്റു, ലോകഫുട്ബോളിന്റെ കളിത്തട്ടില്‍ ആദ്യചുവടുവച്ച ഇന്ത്യക്ക് അമേരിക്കയുടെ പ്രഹരം. ഹൃദയംകൊണ്ട് പന്തുതട്ടിയ കുട്ടികളുടെ സ്വപ്നത്തിന് അമേരിക്കക്കാരുടെ കരുത്തും മികവും അതിജീവിക്കാനായില്ല. ഇന്ത്യന്‍ ഫുട്ബോള്‍ പുതിയ ചക്രവാളങ്ങള്‍ തേടുന്ന മുഹൂര്‍ത്തത്തില്‍ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത ജനകോടികളെ നിശബ്ദരാക്കി യാങ്കിപ്പട മൂന്നുതവണ നിറയൊഴിച്ചു. ഇരുപകുതിയിലായി നായകന്‍ ജോഷ് സര്‍ജന്റും ക്രിസ് ഡര്‍കിനും ആന്‍ഡ്രു കാള്‍ട്ടനും നേടിയ ഗോളുകളില്‍ അമേരിക്കയ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. എങ്കിലും ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിന് ഫൈനല്‍ വിസല്‍ മുഴങ്ങിയപ്പോള്‍ ഇന്ത്യക്ക് വലിയ നിരാശയില്ല. കളിയുടെ സമസ്തമേഖലയിലും ഏറെ മുന്നിലുള്ള അമേരിക്കയോട് അവര്‍ ആവുംവിധം പൊരുതി. ഈ ടീമിന്  ആത്മവിശ്വാസം ആവോളമുണ്ട്. ചുരുങ്ങിയകാലംകൊണ്ട് ഭേദപ്പെട്ട ടീമിനെ ഒരുക്കിയ നാടിന്റെ ഫുട്ബോള്‍ഭാവി ഇരുളടഞ്ഞതല്ലെന്ന് ഈ കുട്ടികള്‍ വിളിച്ചുപറയുന്നു.

ഇന്ത്യന്‍സമയം രാത്രി എട്ടിന് ആ ചരിത്രമുഹൂര്‍ത്തം പിറന്നു. അമേരിക്കക്കെതിരെ ഇന്ത്യ പന്തുതൊട്ടുനീക്കി. കളിയുടെ ആദ്യമിനിറ്റുകളില്‍ അമേരിക്ക കുറിയ പാസുകളുമായി ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ആര്‍ത്തലച്ചുവന്നു. ശാരീരികശേഷിയിലും കളിമിടുക്കിലും ഏറെ മുന്നിലുള്ള അമേരിക്കക്കാരെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്നു പകച്ചപോലെ. ഇടതുവിങ്ങിലൂടെ ടിം വിയയും ജോഷ് സര്‍ജന്റുമാണ് ഗോള്‍തേടി വന്നത്. വലതുവിങ്ങ് ബാക്കായി ഇറങ്ങിയ മലയാളിതാരം കെ പി രാഹുലിന് പിടിപ്പതു പണിയായിരുന്നു. അഞ്ചാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിനിടയിലൂടെ വിയ നല്‍കിയ മനോഹരമായ ത്രൂബോള്‍ കാലിലെടുക്കുമ്പോള്‍ സര്‍ജന്റിനുമുന്നില്‍ ഗോളി മാത്രം. സര്‍ജന്റ് തൊടുത്ത വലങ്കാലന്‍ ഷോട്ട് ഗോളി ധീരജ് അസാധാരണ മികവോടെ തട്ടിത്തെറിപ്പിച്ചു.

പത്തുമിനിറ്റ് പിന്നിട്ടതോടെ ഇന്ത്യ അല്‍പ്പം ഉണര്‍ന്നു. ആവും വിധം പന്തുപിടിച്ചു കളിക്കാന്‍ ശ്രമം തുടങ്ങി. തുടക്കത്തിലെ പതര്‍ച്ച അകന്നു. ഇതിനിടെ 29-ാം മിനിറ്റില്‍ വരുത്തിയ അനാവശ്യ പിഴവിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടിവന്നു. വലതുപാര്‍ശ്വത്തില്‍ പെനല്‍റ്റി ബോക്സിന്റെ അതിരില്‍നിന്ന് പന്തുമായി മുന്നേറാന്‍ ശ്രമിച്ച സര്‍ജന്റിനെ തടയാന്‍ ജിതേന്ദ്ര കടന്നുപിടിച്ചു. സര്‍ജന്റ് വീണതും ബൊളീവിയക്കാരന്‍ റഫറി ജെറി വര്‍ഗാസ് പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. സര്‍ജന്റ്തന്നെ കിക്കെടുത്തു. നായകന്റെ നിലംപറ്റെയുള്ള അടി പേസ്റ്റിന്റെ ഇടതുമൂലയില്‍ കയറുമ്പോള്‍ ഗോളി ധീരജ് മറുവശത്തേക്കാണ് വീണത്. അരുതാത്തതെന്തോ സംഭവിച്ചപോലെ ഗ്യാലറി നിശബ്ദമായി.

ലീഡ് നേടിയതോടെ അമേരിക്ക കളിയുടെ വേഗം കുറച്ചു. ഇതോടെ ഇന്ത്യ കളിയിലേക്കു തിരിച്ചുവരാന്‍ ശ്രമം തുടങ്ങി. നോര്‍ടന്‍ മുന്നേറ്റത്തില്‍ ഇറക്കിയ അനികേത് ജാദവ് വലതുപാര്‍ശ്വത്തിലൂടെ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തി. ആദ്യപകുതിയുടെ അവസാനമിനിറ്റുകളില്‍ അമേരിക്ക പ്രതിരോധത്തില്‍ ഒതുങ്ങി. അനികേതിന്റെ ഒരു ലോങ്റേഞ്ചര്‍ ഗോളി ജസ്റ്റിന്‍ ഗാഡിസ് വീണുകിടന്ന് പിടിച്ചു.

ഡല്‍ഹിയിലെ കൊടുംചൂടിലും തളരാതെ ആക്രമിക്കാനുറച്ചാണ് രണ്ടാം പകുതിയില്‍ അമേരിക്ക ഇറങ്ങിയത്. വൈകാതെ ഫലവും കണ്ടു. പെനല്‍റ്റി ബോക്സില്‍ കടന്ന് സര്‍ജന്റ് തൊടുത്ത പൊള്ളുന്ന ക്ളോസ് റേഞ്ച് ഷോട്ട് ധീരജ് മുട്ടുകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. മിനിറ്റുകള്‍ക്കകം അമേരിക്ക ലീഡ് ഉയര്‍ത്തി. 51-ാം മിനിറ്റില്‍ അമേരിക്കയ്ക്ക് ലഭിച്ച കോര്‍ണര്‍കിക്ക് ഗോള്‍മുഖത്ത് തട്ടിത്തെറിച്ചപ്പോള്‍ കാത്തുനിന്ന ക്രിസ് ഡര്‍കിന്‍ പോസ്റ്റിലേക്കു തൊടുത്തു. രണ്ട് ഇന്ത്യന്‍താരങ്ങളുടെ ദേഹത്തുതട്ടി ദിശ മാറി വന്ന പന്ത് ഗോളി ധീരജിനെ സ്തബ്ധനാക്കി വലിയില്‍ (2-0).

ഇതോടെ, നോര്‍ടന്‍ രണ്ടു മാറ്റം വരുത്തി. അഭിജിത് സര്‍ക്കാരിനുപകരം റഹിം അലിയും നിന്‍തോയിങ്മ്പ മീട്ടിക്കു പകരം നിങ്ഗതായിമ്പ നിരോമിയും വന്നു. പന്ത് ഇരുപാര്‍ശ്വത്തിലേക്കും കയറിയിറങ്ങിയ കുറച്ചു മിനിറ്റുകള്‍. 82-ാം മിനിറ്റില്‍ ഇന്ത്യയുടെ ഏറ്റവും നല്ല അവസരം അമേരിക്കന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ അമേരിക്ക മൂന്നാം ഗോള്‍ നേടി. പ്രത്യാക്രമണത്തില്‍നിന്നു വന്ന പന്തുമായി ഇന്ത്യന്‍ പെനല്‍റ്റി ബോക്സില്‍ കടന്ന ആന്‍ഡ്രു കാള്‍ട്ടന്‍ ഗോളിയെയും വെട്ടിച്ച് പന്ത് വലിയിലേക്കു ചെത്തിയിട്ടു (3-0).

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തുമായി എത്തിയ ഘാന ശക്തരായ കൊളംബിയയെ ഏകഗോളിന് തോല്‍പ്പിച്ചു. സാദിഖ് ഇബ്രാഹിമാണ് ഗോള്‍ നേടിയത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയും ന്യൂസിലന്‍ഡും സമനിലയില്‍ പിരിഞ്ഞു. പരാഗ്വേ രണ്ടിനെതിരെ മൂന്നു ഗോളിന് മാലിയെ തോല്‍പ്പിച്ചു.      

പ്രധാന വാർത്തകൾ
Top