15 November Thursday

കേരളം രാജ്യത്തിന‌് മുതൽക്കൂട്ട‌്: രാഷ‌്ട്രപതി

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

നിയമസഭ വജ്രജൂബിലി ആഘോഷസമാപന ഭാഗമായി നടന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദ‌് ഉദ‌്ഘാടനം ചെയ്യുന്നു. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, മന്ത്രി എ കെ ബാലൻ, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ സമീപം


തിരുവനന്തപുരം
മനുഷ്യവിഭവശേഷിയിൽ കേരളം രാജ്യത്തിന‌് മുതൽക്കൂട്ടാണെന്ന‌് രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദ‌്. സാമൂഹ്യമേഖലയിൽ കേരളം നടത്തിയ നിക്ഷേപഫലമായി നൈപുണ്യശേഷിയാർജിച്ച ജനത രാജ്യത്തിന്റെ മാത്രമല്ല, മറ്റുരാജ്യങ്ങളുടെയും സാമ്പത്തിക വികാസത്തിൽ വലിയ സംഭാവന നൽകി. നിയമസഭ വജ്രജൂബിലി ആഘോഷസമാപന ഭാഗമായി നടന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു രാഷ‌്ട്രപതി.

അധ്യാപകർ, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾ, സാങ്കേതിക വിഗദ‌്ധർ, ബിസിനസുകാർ, നിർമാണ തൊഴിലാളികൾ, ടൂറിസം തുടങ്ങിയവയിലെല്ലാം  മലയാളി യുവാക്കളുടെ സേവനമൂല്യം ഉയർന്നതാണ‌്. ലോക പ്രസിദ്ധമായ കേരള മോഡലിന്റെ അടുത്തഘട്ടത്തിൽ സംസ്ഥാനത്തെ യുവാക്കൾക്ക‌് ഇവിടെത്തന്നെ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കണം.

കേരളത്തിൽനിന്നുള്ള വിദഗ‌്ധ തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യത്തെ ഇതരപ്രദേശങ്ങൾ തയ്യാറാണ‌്. എന്നാലും കേരളത്തിന്റെ സംരംഭകത്വശേഷിയും ആരംഭിക്കുന്ന സംരംഭങ്ങളുടെ എണ്ണവും തമ്മിലുള്ള അന്തരം ഇക്കാര്യത്തിൽ ഗൗരവമായി പരിഗണിക്കണം.

കേരളത്തിന്റെ പാരമ്പര്യം സംവാദത്തിലും അപരന്റെ അഭിപ്രായങ്ങൾ മാനിക്കുന്നതിലും പരസ‌്പര സഹവർത്തിത്വത്തിലും അധിഷ‌്ഠിതമാണ‌്. ഇതാണ‌് മലയാളിയെ രാജ്യത്തിന്റെ നേതൃസ്ഥാനത്തേക്ക‌് വളർത്തിയത‌്. എന്നാൽ, രാഷ‌്ട്രീയ കൊലപാതകങ്ങൾ കേരളത്തിന്റെ ഈ പാരമ്പര്യത്തിന‌് കളങ്കമേൽപ്പിക്കുന്നതാണ‌്. ഇത‌് കേരളത്തിന്റെ വികസനത്തിന‌് ഗുണം ചെയ്യില്ല. ജനാധിപത്യത്തിൽ കൊലപാതകത്തിനും അക്രമങ്ങൾക്കും സ്ഥാനമില്ല. ഈ പ്രവണത വികസിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഉയർന്ന ചിന്താശേഷിയുള്ള ജനങ്ങൾക്കും രാഷ‌്ട്രീയ പാർടികൾക്കുമുണ്ട‌്.

നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളത്തിന്റെ പാരമ്പര്യം സംവാദങ്ങളുടേതാണ‌്. ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും പാരമ്പര്യം ഇതിന്റെ തുടർച്ചയാണ‌്. വിദ്യാഭ്യാസവും സംവാദവും പരസ‌്പര സഹവർത്തിത്വവും കേരളത്തിന്റെ ജനിതക ഘടനയുടെ ഭാഗമാണ‌്. ഇത‌് സംരക്ഷിക്കപ്പെടണം. 60 വർഷത്തിനിടെ നിയമ നിർമാണരംഗത്ത‌് ഒട്ടനവധി മഹാപ്രതിഭകളെ സംഭാവന ചെയ‌്ത പാരമ്പര്യമാണ‌് കേരള നിയമസഭയ‌്ക്കുള്ളത‌്.

ഭൂപരിഷ‌്കരണംമുതൽ പഞ്ചായത്തി രാജ‌് വരെയും സമ്പൂർണ സാക്ഷരതമുതൽ ആരോഗ്യരംഗത്തെ മുന്നേറ്റംവരെയും നിരവധി നേട്ടങ്ങൾ ആർജിക്കാൻ കേരളത്തിനായി. ഇത്തരം മുന്നേറ്റങ്ങൾക്കാവശ്യമായ നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും കേരളം ശ്രദ്ധിച്ചു. ഇതാണ‌് വിഖ്യാതമായ കേരള മോഡലിന‌് വഴിതുറന്നത‌്‐ രാഷ‌്ട്രപതി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top