21 July Saturday

പത്തുവർഷം മുൻപ്‌ ‘മരിച്ച’ വിമുക്ത സൈനികനെ മധ്യപ്രദേശിൽ നിന്നും നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ആലപ്പുഴ > മരിച്ചതായി കരുതിയിരുന്ന വിമുക്ത സൈനികനെ മധ്യപ്രദേശിൽ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു. പത്തുവർഷത്തിനു മുൻപ്‌ മരിച്ചതായി ബന്ധുക്കൾ കരുതിയിരുന്ന ആലപ്പുഴ സ്വദേശി സന്തോഷ്‌ കുമാറി(40)നെയാണ്‌ മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ നിന്നും കണ്ടെത്തിയത്‌. സന്തോഷ്‌ മരിച്ചതായി കരുതി കുടുംബാംഗങ്ങൾ മരണാനന്തര ചടങ്ങുകൾ പോലും നടത്തിയിരുന്നു.

മാനസിക പ്രശ്‌നങ്ങളുള്ള ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെയാണ്‌ ആളെ തിരിച്ചറിയാനായത്‌. ആയുധങ്ങളെയും യുദ്ധസാമഗ്രികളെയും കുറിച്ച്‌ തനിക്ക്‌ വിവരമുണ്ടെന്ന്‌ സാങ്കേതിക വിവരങ്ങൾ സഹിതം വിളിച്ചു പറഞ്ഞിരുന്നതാണ്‌ നാട്ടുകാർക്ക്‌ ദുരൂഹത തോന്നാനിടയാക്കിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. മാവോയിസ്റ്റ്‌ പ്രവർത്തനം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള മേഖലയാണ്‌ മണ്ഡ്‌ല.

വിവരം ലഭിച്ച ജൂലൈ മൂന്നിന്‌ തന്നെ തിൽഗാം പൊലീസ്‌ സ്ഥലത്തെത്തി സന്തോഷിനെ കസ്റ്റഡിയലെടുത്തു. പൊലീസ്‌ കസ്റ്റഡിയിലും ആയുധവിവരങ്ങൾ തനിക്കറിയാമെന്ന്‌ ഇയാൾ പറഞ്ഞു. ഹിന്ദിയിലും മലയാളത്തിലുമായിരുന്നു സംസാരം. തുടർന്ന്‌ പൊലീസ്‌ കേരളത്തിൽ നിന്നുള്ള സിസ്റ്റർ മെഴ്‌സിയുടെ സഹായം തേടി. ഇയാളോട്‌ കൂടുതൽ സംസാരിച്ചതിനെ തുടർന്ന്‌ സന്തോഷ്‌ കുമാറിന്റെ പേരും സിഗ്നൽ കോർപ്‌സിലെ സൈനികനായിരുന്നുവെന്നും 2006ൽ സിക്കിമിലാണ്‌ അവസാനം ജോലി ചെയ്‌തിരുന്നതെന്നും അറിയാൻ സാധിച്ചു.

2007ൽ ഇടതുകണ്ണിന്‌ പരിക്കേറ്റതിനെ തുടർന്നാണ്‌ സന്തോഷിന് മാനസികാസ്വാസ്ഥ്യം ബാധിക്കുന്നത്‌. തുടർന്ന്‌ സർവീസിൽ നിന്ന്‌ സ്വമേധയാ വിരമിച്ച്‌ നാട്ടിലേക്ക്‌ പോകാൻ തീരുമാനിച്ച സന്തോഷ്‌ നാട്ടിലെത്തിയില്ല. 11 വർഷമായി ട്രെയിനുകളിൽ അലഞ്ഞുതിരിഞ്ഞ ഇയാൾ അടുത്തിടെയാണ്‌ മണ്ഡ്‌ലയിൽ എത്തിച്ചേർന്നതെന്നും പൊലീസ്‌ പറഞ്ഞു.

അലഞ്ഞുതിരിഞ്ഞ്‌ പ്രാകൃതരൂപത്തിലായിരുന്ന സന്തോഷിനെ താടിയും മുടിയും വെട്ടി പുതിയ വസ്‌ത്രങ്ങൾ നൽകിയശേഷമുള്ള ഇയാളുടെ ചിത്രങ്ങൾ പൊലീസ്‌ കുടുംബാംഗങ്ങൾക്ക്‌ അയച്ചു. ശനിയാഴ്‌ച സന്തോഷിന്റെ സഹോദരൻമാർ മണ്ഡ്‌ലയിലെത്തി അദ്ദേഹത്തെ കണ്ടു. സഹോദരൻമാരെ തിരിച്ചറിഞ്ഞെങ്കിലും എങ്ങനെ മണ്ഡ്‌ലയിലെത്തിയെന്ന്‌ ഓർത്തെടുക്കാൻ സന്തോഷിന്‌ കഴിയുന്നില്ല. അതേദിവസം തന്നെ സന്തോഷ്‌ സഹോദരൻമാർക്കൊപ്പം നാട്ടിലേക്ക്‌ മടങ്ങി.

പതിനാല്‌ വർഷങ്ങൾക്കു ശേഷമാണ്‌ നാട്ടിൽ എത്തുന്നതെങ്കിലും തങ്ങളുടെ കുടുംബവീടും ബന്ധുക്കളെയുമെല്ലാം തിരിച്ചറിയാൻ സന്തോഷ്‌ കുമാറിന്‌ കഴിഞ്ഞതായി സഹോദരൻ സതീഷ്‌ കുമാർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top