19 September Wednesday

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പ‌് അഡ‌്മിൻമാർക്കെതിരെ എക‌്സൈസ‌് കേസടുത്തു

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018


തിരുവനന്തപുരം
ഫെയ‌്സ്ബുക്കിലെ  ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജിഎൻപിസി) എന്ന കൂട്ടായ‌്മയുടെ അഡ‌്മിൻമാർക്കെതിരെ  എക്‌സൈസ്  കേസെടുത്തു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും പരസ്യപ്രചാരണം നടത്തുന്നതുമായ ചിത്രങ്ങൾ, വിഡിയോ, സന്ദേശങ്ങൾ തുടങ്ങിയവ പോസ്റ്റ്‌ ചെയ്തതിനാണ് കേസ‌്.  ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിൻ  തിരുവനന്തപുരം  നേമം  കാരയ്ക്കാമണ്ഡപം ആമീ വിളാകം ദേശത്ത് ടിസി 54/538, സരസ്സിൽ  അജിത്കുമാർ, മറ്റൊരു അഡ‌്മിൻ ഭാര്യ വിനിത (33) എന്നിവർക്കെതിരെയാണ‌് കേസെടുത്ത‌ത‌്. അജിത‌്കുമാറിനെ ഒന്നാം പ്രതിയും വിനിതയെ രണ്ടാം പ്രതിയാക്കിയുമാണ‌് കേസെടുത്തത‌്.  എക്‌സൈസ് കമീഷണറുടെ  നിർദേശപ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറാണ‌് കേസെടുത്തത്.

2017 മെയ‌് മാസമാണ‌് അജിത‌്കുമാർ ജിഎൻപിസി എന്ന ഫെയ‌്സ‌്ബുക്ക‌് ഗ്രൂപ്പ‌് തുടങ്ങുന്നത‌്. ആദ്യം 800 പേരാണ‌് ഗ്രൂപ്പിലുണ്ടായിരുന്നത‌്. അംഗങ്ങൾ വർധിച്ചതോടെ ഭാര്യയെയും അഡ‌്മിനാക്കി. കൂടുതൽ ആളുകളെ ചേർക്കാനായി 36 അഡ‌്മിൻമാരെക്കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തി. ഒരുമാസംകൊണ്ട‌് ഏഴ‌് ലക്ഷം പേർ ഗ്രൂപ്പിൽ അംഗങ്ങളായി. ഇപ്പോൾ 18 ലക്ഷം അംഗങ്ങൾ ഗ്രൂപ്പിനുണ്ട‌്.
 
ഗ്രൂപ്പിന്റെ മറ്റ‌് അഡ‌്മിൻമാർക്കെതിരെ ഫെയ‌്സ്ബുക്ക് കൂട്ടായ്മ പരിശോധിച്ചതിൽ കൊച്ചുകുട്ടികളെവരെ മദ്യത്തിന്റെകൂടെ നിർത്തിയുള്ള ഫോട്ടോകൾ  പോസ്റ്റ്‌ ചെയ‌്തതായി തെളിഞ്ഞു.  ഇത‌് തെളിവിനായി എക‌്സൈസ‌് ശേഖരിച്ചിട്ടുണ്ട‌്. മദ്യാസക്തി വർധിപ്പിക്കുന്ന ഫോട്ടോകളും വിഡിയോകളുമാണ‌് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നതെന്ന‌് എക‌്സൈസ‌് അധികൃതർ പറഞ്ഞു. ഗ്രൂപ്പിന്റെ സ്ഥാപക അഡ‌്മിനും ഭാര്യയും ഒളിവിലാണ‌്. എക‌്സൈസ‌് കേസെടുത്തതിന‌് പുറമെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച‌് പൊലീസിന‌് റിപ്പോർട്ട‌് നൽകുമെന്നും എക‌്സൈസ‌് അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top