20 November Tuesday

എടത്തല പൊലീസ‌് സ‌്‌‌റ്റേഷൻ മാർച്ച‌്: തീവ്രവാദിസാന്നിധ്യം കേന്ദ്രവും അന്വേഷിക്കുന്നു

സ്വന്തം ലേഖകൻUpdated: Friday Jun 8, 2018

കൊച്ചി > യുവാവിന‌് മർദനമേറ്റ സംഭവത്തിൽ ആലുവ എടത്തല പൊലീസ‌് സ‌്റ്റേഷനിലേക്ക‌് ഒരുസംഘമാളുകൾ നടത്തിയ പ്രതിഷേധ മാർച്ചിലെ തീവ്രവാദി ഗ്രൂപ്പുകളുടെ സാന്നിധ്യത്തെ കുറിച്ച‌് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 400ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട‌്. ആശുപത്രിയിലെ സംഘർഷത്തിൽ വനിതാ എസ‌്ഐക്ക‌് പരിക്കേറ്റ സംഭവത്തിൽ 200ഓളം പേർക്കെതിരെയും ആലുവ പൊലീസ‌് കേസെടുത്തു.

എടത്തല കുഞ്ചാട്ടുകരയിൽ  മരുത്തുംകുടി ഉസ‌്മാനെ മഫ‌്‌തിയിലെത്തിയ പൊലീസുകാർ മർദിച്ചതിൽ പ്രതിഷേധിച്ച‌് ചൊവ്വാഴ‌്ച വൈകിട്ടായിരുന്നു പൊലീസ‌് സ‌്റ്റേഷൻ മാർച്ച‌്. 2005ൽ കളമശേരിയിൽ തമിഴ‌്‌നാട‌് സർക്കാരിന്റെ ബസ‌് കത്തിച്ച കേസിലെ പ്രതി  ഇസ‌്മയിൽ ഉൾപ്പെടെയുള്ളവർ മാർച്ചിൽ  പങ്കെടുത്തിരുന്നു. ഇയാളോടൊപ്പം മാർച്ചിൽ പങ്കെടുത്തവരെ കുറിച്ചും അന്വേഷിക്കുമെന്ന‌് റൂറൽ എസ‌്പി രാഹുൽ ആർ നായർ പറഞ്ഞു.

ഇസ‌്‌മയിലും സുഹൃത്തുക്കളും മാർച്ചിൽ പങ്കെടുത്തത‌് തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിന‌് തെളിവാണെന്നാണ‌് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം. പൊലീസ‌് സ‌്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നോ എന്നും അന്വേഷിക്കുമെന്ന‌് എസ‌്പി പറഞ്ഞു. മാർച്ചിനിടെ റോഡ‌് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ‌് 400ഓളം പേർക്കെതിരെ കേസെടുത്തത‌്. വിവിധ രാഷ‌്ട്രീയ പാർടികൾ പ്രതിഷേധം നടത്തിയശേഷം പിരിഞ്ഞുപോയിരുന്നു. എന്നാൽ ഒരുപറ്റമാളുകൾ പ്രതിഷേധവുമായി റോഡിൽ നിലയുറപ്പിച്ചു.

പൊലീസ‌് മർദ്ദനമേറ്റ ഉസ‌്മാനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന‌് ലക്ഷ‌്മി ആശുപത്രിയിലും പൊലീസിന‌് നേരെ പ്രതിഷേധക്കാരുടെ കൈയേറ്റ ശ്രമമുണ്ടായി. ലക്ഷ‌്മി ആശുപത്രിയിലെ സംഘർഷത്തിനിടെയാണ‌്  ആലുവ ഈസ‌്റ്റ‌് സ‌്റ്റേഷനിലെ വനിതാ എസ‌്ഐ ജെർട്ടിന ഫ്രാൻസിസിന‌് മർദനമേറ്റത‌്. ഉസ‌്മാനെ കയറ്റിയ ആംബുലൻസിൽ പൊലീസിനെ കയറ്റില്ലെന്ന‌് പറഞ്ഞ‌് ഒരുപറ്റമാളുകൾ ജെർട്ടിനയെ ആംബുലൻസിന്റെ ഡോറുമായി ചേർത്തമർത്തി. ഇടതുകൈ പിന്നോട്ട‌് പിടിച്ച‌് തിരിച്ചു. ജെർട്ടിനയ‌ുടെ പുറത്ത‌് ശക്തമായി ഇടിച്ചു. പുറത്തെ എല്ലിന‌് പരിക്കുപറ്റിയ ജെർട്ടിന ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്. സംഭവത്തിൽ കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെയാണ‌് കേസെടുത്തത‌്.
ആശുപത്രിയിൽ പൊലീസിന‌് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ദൃശ്യങ്ങൾ വിട്ടുകിട്ടാൻ പൊലീസ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.

ഉസ‌്മാന‌് മർദനമേറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി  കെ എസ‌് ഉദയഭാനുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ റിപ്പോർട്ട‌് രണ്ട‌് ദിവസത്തിനകം കൈമാറും. ഈ കേസിൽ എഎസ‌്ഐമാരുൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു. ഇതിൽ മൂന്ന‌് പേരെ സ്ഥലംമാറ്റിയിട്ടുണ്ട‌്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top