20 November Tuesday

ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സമ്മേളനം: സമ്മേളനത്തിലേക്കുള്ള അരി, പച്ചക്കറി, മത്സ്യം എന്നിവ നാട്ടിൽ ഉല്‍പ്പാദിപ്പിച്ച് യുവജന മാതൃക

മനോഹരൻ കൈതപ്രംUpdated: Monday Jun 18, 2018

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേനാവശ്യത്തിനുള്ള ജൈവ നെല്ലുല്‍പ്പാദനത്തിന് തുടക്കമിട്ട് പായം വാണിയപ്പൊയില്‍ പാടശേഖരത്തില്‍ ഞാറ് നടീല്‍ സിപിഐ എം ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

 

ഇരിട്ടി > ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണത്തിനുള്ള അരി ഉള്‍പ്പെടെ മലയോരത്തെ വിവിധ വില്ലേജുകളില്‍ ജൈവകൃഷി നടത്തി തയ്യാറാക്കും. അരിയും പച്ചക്കറിയും ആവശ്യത്തിന് കൃഷി ചെയ്യാന്‍ യുവജനസംഘടനാ ഘടകങ്ങള്‍ പാടത്തേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയാണ്. കാര്‍ഷികമേഖലയില്‍ യുവത്വത്തിന്റെ പ്രസരിപ്പുണര്‍ത്താനും ഹരിതകേരളമിഷന്‍ ജൈവ കൃഷി ദൗത്യം നാടെങ്ങും എത്തിക്കാനും ഉദ്ദേശിച്ചാണ് വേറിട്ട സമ്മേളനപ്രവര്‍ത്തനം  ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ ജനകീയ കൂട്ടായ്‌മയില്‍ നടപ്പാക്കുന്നത്. ഒക്ടോബര്‍ 4, 5, 6 തീതികളിലാണ് ജില്ലാ സമ്മേളനം ഇരിട്ടിയില്‍ നടക്കുന്നത്. സംഘാടക സമിതി രൂപീകരണത്തിന് മുമ്പേ കാര്‍ഷികരംഗത്ത് ഊന്നല്‍ നല്‍കി സമ്മേളനാവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനാണ് സംഘടന തീരുമാനിച്ചത്. ഇതനുസരിച്ച് നെല്ല്, വിവിധയിനം പച്ചക്കറികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ വിവിധ മേഖലാകമ്മിറ്റികള്‍ക്കും യൂനിറ്റുകള്‍ക്കുമാണ് ചുമതല. ജില്ലാ ബ്ലോക്ക് കമ്മിറ്റിയംഗങ്ങള്‍ക്ക് അതത് കൃഷിയിടങ്ങളില്‍ ചുമതലയുണ്ട്. കൃഷിവകുപ്പിന്റെയും പ്രദേശങ്ങളിലെ കര്‍ഷകരുടെയും പിന്തുണ ഉറപ്പാക്കിയാണ് കൃഷി.  നാടന്‍ കോഴി വളര്‍ത്തലും മല്‍സ്യം വളര്‍ത്തലും പച്ചക്കറി, നെല്‍കൃഷിക്കൊപ്പം നടത്തും.

ജൈവനെല്‍കൃഷിക്ക് തുടക്കമിട്ട് പായത്തെ വാണിയപ്പൊയില്‍ പാടശേഖരത്തില്‍ ഞാറിട്ട് സിപിഐ എം ഏരിയാ സെക്രട്ടറി ബിനോയ്‌ കുര്യന്‍ യുവജനകാര്‍ഷിക കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. 'മുത്ത്' നെല്‍വിത്തിനമാണ് ഞാറ്റടിക്കുപയോഗിച്ചത്.പായം, കോണ്ടമ്പ്ര പാടശേഖരങ്ങളിലെ ഒരേക്കറിലാണ് സമ്മേളനാവശ്യത്തിനുള്ള നെല്ലുല്‍പ്പാദിപ്പിക്കുന്നത്. വി മനോജ് ഞാറ്റടി തയ്യാറാക്കി. എം എന്‍ മുരളീധരന്‍, കെ രമേശന്‍, പി കെ രഞ്ജിത്ത്, എം പവിത്രന്‍ തുടങ്ങി പായത്തെ നെല്‍കര്‍ഷകര്‍ ഡിവൈഎഫ്‌ഐ നെല്‍കൃഷി പരിചരണത്തിനുണ്ട്. കൃഷിവകുപ്പിന്റെ സാങ്കേതികസഹായവും ലഭിക്കുന്നു.

ഞാറ് നടീല്‍ ഉല്‍സവത്തില്‍ കെ വി സക്കീര്‍ഹുസയിന്‍, കെ ജി ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, കെ എസ് സിദ്ധാര്‍ത്ഥദാസ്, പി വി ബിനോയ്, എം എസ് അമര്‍ജിത്ത്, പി പ്രജിത്ത്,  സി ഷിജു, ഷിതു കരിയാല്‍, നൗഷീലത്ത്, എ സുബിലാഷ് എന്നിവരും അണിനിരന്നു. ഇതര കൃഷികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടക്കമാവും.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top