15 October Monday

ദേശാഭിമാനി പ്രചാരണത്തിന്‌ നാളെ തുടക്കം, വിപുലമായ ഒരുക്കങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Sep 22, 2018

തിരുവനന്തപുരം
ജനകീയപത്രത്തിന്റെ പ്രചാരണ വർധനയ‌്ക്കുള്ള വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക‌് ഞായറാഴ‌്ച തുടക്കമാകും. ദേശാഭിമാനിയുടെ വളർച്ചയിൽ നിർണായക ഇടപെടൽ നടത്തിയ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനത്തിൽ ആരംഭിച്ച‌് കേരളത്തിൽ പാർടി കെട്ടിപ്പടുക്കുന്നതിന‌് നെടുനായകത്വം വഹിച്ച സി എച്ച‌് കണാരന്റെ ചരമദിനത്തിൽ അവസാനിക്കുന്ന പ്രചാരണ പ്രവർത്തനമാണ‌് സിപിഐ‌ എം സംസ്ഥാനകമ്മിറ്റി ആസൂത്രണം ചെയ‌്തിരിക്കുന്നത‌്. തൃശൂർ ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ കുത്തേറ്റുവീണ സെപ‌്തംബർ 23ന‌് പ്രചാരണപ്രവർത്തനങ്ങൾക്ക‌് തുടക്കമാകും. സി എച്ചിന്റെ ചരമദിനമായ ഒക്ടോബർ 20നുമുമ്പ‌് കാമ്പെയ‌്ൻ പ്രവർത്തനങ്ങൾ  പൂർത്തിയാക്കും.

സിപിഐ എം പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി ദേശാഭിമാനിക്ക‌് വരിക്കാരെ ചേർക്കും. ദേശാഭിമാനിയെ കേരളത്തിലെ ഒന്നാമത്തെ പത്രമായി വളർത്തുകയെന്ന ഇ എം എസിന്റെ സ്വപ‌്നത്തിലേക്കുള്ള പ്രയാണത്തിലാണ‌് പാർടി സംവിധാനമാകെ. പത്ര പ്രചാരണം കുറ്റമറ്റതാക്കുന്നതിന‌് വിപുലമായ ഒരുക്കങ്ങളാണ‌് നടത്തുന്നത‌്. ജില്ലാതലത്തിലും ഏരിയ‐ ലോക്കൽ തലങ്ങളിലും പാർടി അംഗങ്ങളുടെയും വർഗ ബഹുജനസംഘടനാ പ്രവർത്തകരുടെയും യോഗം ചേർന്ന‌് പ്രവർത്തനങ്ങൾക്ക‌് രൂപം നൽകി. ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പാർടി അനുഭാവികളുടെ കുടുംബസംഗമങ്ങൾ ചേർന്ന‌ു. പത്രപ്രചാരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച‌് നേതാക്കൾ വിശദീകരിച്ചു. ഒരു ബ്രാഞ്ചിൽ 30 മുതൽ അമ്പതുവരെ പത്രങ്ങൾ ചേർക്കാനാണ‌് ലക്ഷ്യമിടുന്നത‌്. സംസ്ഥാനത്ത‌് മുപ്പതിനായിരത്തോളം ബ്രാഞ്ചുകളാണ‌് ഉള്ളത‌്.

വിവിധ തൊഴിൽമേഖലകളിലുള്ളവർ, തൊഴിലാളി സംഘടനകൾ, അധ്യാപക‐സർവീസ‌് സംഘടനകൾ, സ‌്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം പത്രപ്രചാരണത്തിൽ സജീവമാണ‌്. നിലവിലെ വാർഷികവരിക്കാരുടെ വരിസംഖ്യ പുതുക്കുന്നതിനൊപ്പം പുതിയ വരിക്കാരെ കണ്ടെത്തി പ്രചാരണത്തിൽ വൻ കുതിപ്പിനാണ‌് തയ്യാറെടുക്കുന്നത‌്.

പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന‌് സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കും ജില്ലാ കമ്മിറ്റിയംഗങ്ങൾക്കും ഓരോ പ്രദേശത്തിന്റെയും പ്രത്യേക ചുമതല നൽകിയിട്ടുണ്ട‌്. പാർടി ബ്രാഞ്ചുകളും സർവീസ‌് സംഘടനകളും ഇതര സംഘടനകളും ചേർത്ത വാർഷികവരിക്കാരുടെ ലിസ‌്റ്റും വരിസംഖ്യയും ജില്ലാ‐സംസ്ഥാന നേതാക്കൾ ഏറ്റുവാങ്ങും.

പ്രചാരണത്തിന്റെ ഭാഗമായി വ്യാപകമായി പോസ‌്റ്റർ‐ബോർഡ‌്‐ ബാനർ ‐ഫ‌്ളക‌്സ‌് എന്നിവ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉയർന്നുകഴിഞ്ഞു.


പ്രധാന വാർത്തകൾ
Top