11 December Tuesday

ഒരുക്കങ്ങൾ പൂർത്തിയായി: 21ന് പതാക ഉയരും; സംസ്ഥാന സമ്മേളനം യെച്ചൂരി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Feb 18, 2018

തൃശൂർ > സിപിഐ എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിനിധി സമ്മേളനം വി വി ദക്ഷിണാമൂർത്തി നഗറിലും(തൃശൂർ റീജണൽ തിയറ്റർ) പൊതുസമ്മേളനം കെ കെ മാമക്കുട്ടി നഗറിലുമാണ്(തൃശൂർ തേക്കിൻകാട് മൈതാനം) നടക്കുന്നത്. 22ന് രാവിലെ പ്രതിനിധി സമ്മേളന നഗറിൽ വി എസ് അച്യുതാന്ദൻ പതാക ഉയർത്തും. 10.30ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 25ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും.
 
21ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ ബേബിജോൺ പതാക ഉയർത്തും പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ദീപശിഖ തെളിയിക്കും. 25ന് ഉച്ചകഴിഞ്ഞ് ജില്ല കേന്ദ്രീകരിച്ച് കാൽ ലക്ഷം റെഡ് വളണ്ടിയർമാരുടെ മാർച്ചും തുടർന്ന് രണ്ടുലക്ഷം പേർ അണിനിരക്കുന്ന പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബേബിജോണും ജനറൽ കൺവീനർ കെ രാധാകൃഷ്ണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാല് സംസ്ഥാനകമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരും ഉൾപ്പെടെ 582 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറിക്കുപുറമേ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എ കെ പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവരും പങ്കെടുക്കും.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്നും കൊടിമരം വയലാറിൽനിന്നുമാണ് കൊണ്ടുവരുന്നത്. എം വി ഗോവിന്ദൻ പതാക ജാഥയ്ക്കും ആനത്തലവട്ടം ആനന്ദൻ കൊടിമരജാഥയ്ക്കും നേതൃത്വം നൽകുന്നു. 577 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽനിന്നാണ് ദീപശിഖകൾ വരുന്നത്. കാസർകോടുനിന്നുള്ള ദീപശിഖാ പ്രയാണങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ദീപശിഖാ പ്രയാണങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടിയും നേതൃത്വം നൽകുന്നു.

സമ്മേളനത്തിന് മുന്നോടിയായി വ്യത്യസ്ത സ്ഥലങ്ങളിൽ 15 സെമിനാറുകൾ സംഘടിപ്പിച്ചു. കൂടാതെ വിവിധ ജനവിഭാഗങ്ങളുടെ സംഗമങ്ങളുമുണ്ടായി. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളുടെ സംഗമം തിങ്കളാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം, വ്യത്യസ്ത വാദ്യോപകരണ കലാകാരന്മാർ അണിനിരന്ന വാദ്യോത്സവം, കലാജാഥ, നാടൻ കലാമേള, ഫുട്‌ബോൾ പ്രദർശന മത്സരം, കബഡി, വടംവലി, ജൂഡോ തുടങ്ങി ഒട്ടേറെ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.

ഞായറാഴ്ച സംസ്ഥാനതല ചെസ് മത്സരവും വൈകിട്ട് നാലിന്് 1000 പേർ പങ്കെടുക്കുന്ന യോഗാ പ്രദർശനവും നടത്തും. 15ന് ആരംഭിച്ച ശാസ്ത്രചരിത്രവിദ്യാഭ്യാസ പ്രദർശനം 28വരെ തുടരും. ഞായറാഴ്ച മുതൽ 24വരെ നഗരത്തിൽ പ്രത്യേക സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന നേതാക്കളും പ്രമുഖ സാംസ്‌കാരിക നായകരും സെമിനാറുകളിൽ പങ്കെടുക്കും. മന്ത്രി എ സി മൊയ്തീൻ, ജില്ലാകമ്മിറ്റിയംഗം യു പി ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top