കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍

കൊച്ചി > കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള അയലവര്‍ഗത്തില്‍പ്പെട്ട പുതിയ മീന്‍ കേരളതീരങ്ങളില്‍ വ്യാപിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമായ സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രസംഘമാണ് കണ്ടെത്തിയത്. ഇതുവരെ കാണാതിരുന്ന ഈ മത്സ്യത്തിന് അയലപ്പാരയുമായാണ് (കൊഴിചാള) സാമ്യം.
അയലവിഭാഗത്തിലെ മറ്റു മത്സ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് സിഎംഎഫ്ആര്‍ഐ നടത്തിയ ജനിതക, വര്‍ഗീകരണ പഠനങ്ങളില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇ എം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ മത്സ്യത്തിന് 'സ്കോമ്പര്‍ ഇന്‍ഡിക്കസ്' എന്ന് ശാസ്ത്രനാമവും ഇന്ത്യന്‍ ചബ് മാക്കറല്‍ എന്ന് ഇംഗ്ളീഷ് പൊതുനാമവും നല്‍കി. മത്സ്യത്തൊഴിലാളികള്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെയാണ് ഈ മീനിന് പേരിട്ടിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ഗുജറാത്ത് തീരത്താണ് ഈ മത്സ്യം ആദ്യം കണ്ടത്. തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്ത് കന്യാകുമാരിവരെ ഇവയെ കണ്ടെത്തി. 2015ല്‍ കേരളതീരത്ത് ഈ മത്സ്യം 10 ടണ്‍ ലഭിച്ചെങ്കില്‍ ഈ വര്‍ഷം ഇതുവരെ ഏകദേശം 25 ടണ്ണോളം ലഭിച്ചു. ഒമ്പതുമുതല്‍ 21 സെന്റിമീറ്റര്‍വരെ വലുപ്പത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത മത്സ്യങ്ങളെയാണ് ഈ വര്‍ഷം കേരളത്തിന്റെ വിവിധ തീരങ്ങളില്‍നിന്ന് പിടിച്ചത്. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് തീരങ്ങളിലാണ് ഈ മത്സ്യം കൂടുതലും ലഭിക്കുന്നത്. മൃദുലമായ മാംസവും അയലയുടേതിന് സമാനമായ സ്വാദുമാണ്്. ജനിതകമായും രൂപഘടനയിലും അയലവിഭാഗത്തില്‍നിന്ന് വ്യത്യസ്തമായ ഈ മത്സ്യം വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ മത്സ്യസമ്പത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.











0 comments