26 September Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി : 2ലക്ഷം പേർക്ക്‌ 423 കോടി

കെ എൻ സനിൽUpdated: Friday Jun 29, 2018


തിരുവനന്തപുരം
ചിട്ടയായ ഏകോപനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌്  രണ്ടുവർഷത്തിനിടെ വിതരണം ചെയ‌്ത  സഹായധനം  423 കോടി രൂപ. എൽഡിഎഫ‌് സർക്കാർ അധികാരമേറ്റശേഷം 2,34,899 പേർക്ക‌് സഹായം ലഭിച്ചു.   ആൾത്തിരക്കും ആരവങ്ങള‌ുമൊഴിവാക്കി ഓൺലൈനായി  ലഭിക്കുന്ന അപേക്ഷകളിൽ റെക്കോഡ‌് വേഗത്തിലാണ‌് തീരുമാനമെടുക്കുന്നത‌്.

സഹായം അനുവദിച്ച‌് ഉത്തരവായാൽ 100 മണിക്കൂറിനകം പണം അപേക്ഷകന്റെ കൈകളിലെത്തിക്കും. പണം നേരിട്ട‌് അപേക്ഷകന്റെ ബാങ്ക‌് അക്കൗണ്ടിലേക്കെത്തിക്കുന്ന സംവിധാനം ഏപ്രിൽ ഒന്നുമുതൽ നിലവിൽവന്നു. ഗുരുതരരോഗം ബാധിച്ചവർ, അപകടത്തിന‌് ഇരയായവർ, പ്രകൃതിദുരന്തങ്ങൾക്ക‌് ഇരയായവർ എന്നിവർക്കാണ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന‌് സഹായധനം.

അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത‌് 2016 ആഗസ‌്തിലാണ‌്. ഇതുവരെ 2,42,660 അപേക്ഷ ഓൺലൈനായി ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് തീരുമാനമെടുക്കാത്ത 30,000 അപേക്ഷയും ഈ സർക്കാർ വന്നശേഷം പൂർത്തിയാക്കി.  ഈ അപേക്ഷകൾ 2016ൽതന്നെ തീർപ്പാക്കി പണം അനുവദിച്ചു. നിലവിൽ വില്ലേജ‌് ഓഫീസ‌ുമുതൽ സെക്രട്ടറിയറ്റ‌ുവരെയുള്ള വിവിധ തലങ്ങളിൽ 37,761 ഓൺലൈൻ അപേക്ഷയാണ‌്  പരിഗണനയിലുള്ളത‌്.

സഹായത്തിന‌ായി അപേക്ഷകർ തിരുവനന്തപുരത്തോ ജില്ലാ ആസ്ഥാനത്തോ പോകേണ്ട ആവശ്യമില്ല.  രോഗാവസ്ഥയും ചികിത്സച്ചെലവും വ്യക്തമാക്കുന്ന അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ‌്, റേഷൻകാർഡ‌്, ആധാർ, ബാങ്ക‌് പാസ‌്ബുക്ക‌് എന്നിവയുടെ പകർപ്പുമാണ‌് അപേക്ഷയ‌്ക്കൊപ്പം ആവശ്യമായ രേഖകൾ. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌്, പണം ധൂർത്തടിച്ച‌് ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചാണ‌് പണം വിതരണം ചെയ‌്തത‌്.

യുഡിഎഫിന്റെ അഞ്ചുവർഷത്തിനിടെ 810 കോടിരൂപ ദുരിതാശ്വാസനിധിയിൽനിന്ന‌് വിതരണം ചെയ‌്ത സ്ഥാനത്താണ‌് എൽഡിഎഫ‌് സർക്കാർ രണ്ടുവർഷംകൊണ്ട‌് പാഴ‌്ചെലവില്ലാതെ 423 കോടി വിതരണംചെയ‌്തത‌്.

നിലവിൽ 10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാൻ അധികാരമുണ്ട‌്. മൂന്നുലക്ഷംരൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിലുള്ള സഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിന്റെ അംഗീകാരംവേണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top