17 November Saturday

ചീരക്കുഴി ഡാമില്‍ ജലസേചനത്തിന് താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കും; വിദഗ്ധ സംഘം ഡാം സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍Updated: Saturday Sep 8, 2018


പഴയന്നൂര്‍  >  പ്രളയക്കെടുതിയില്‍ ചീരക്കുഴി റെഗുലേറ്ററിനും കനാല്‍ ശൃംഖലയ്ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ജലവിഭവ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ യു ആര്‍ പ്രദീപ് എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.തുടര്‍ന്ന് ചീരക്കുഴി ജലസേചനവകുപ്പിന്റെ ഓഫീസില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഈ വര്‍ഷത്തെ മുണ്ടകന്‍ കൃഷിക്ക് കനാലിലൂടെ ജലവിതരണം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും പദ്ധതി പൂര്‍ണ്ണമായും പുനരുദ്ധരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

താല്‍ക്കാലികമായി മണല്‍ചാക്കുകൊണ്ട് ബണ്ട് നിര്‍മ്മിച്ച് ജലം സംഭരിച്ച് കനാലിലൂടെ ഒഴുക്കിവിടാന്‍ തീരുമാനമായി.യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നതിനായി 14 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെടും. ഇരുമ്പ് ചാനല്‍ പാകിയശേഷമായിരിക്കും മണല്‍ചാക്കുകള്‍ അടക്കുക. ജലസേചനത്തിനായി വെള്ളം ഒഴുക്കിവിട്ടാല്‍ മാത്രമേ കാര്‍ഷികാവശ്യവും കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെടുകയുള്ളൂവെന്ന് എംഎല്‍എ വ്യക്തമാക്കി.

ചീരക്കുഴിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടിയുടെ പ്രൊജക്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിഞ്ഞു. 8 ഷട്ടറുകളും പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടതായി വരും. കനാല്‍ കടന്നുപോകുന്ന പഴയന്നൂര്‍, കൊണ്ടാഴി,പാഞ്ഞാള്‍,ദേശമംഗലം,ചെറുതുരുത്തി പഞ്ചായത്തുകളുടെ സഹകരണം ബണ്ട് നിര്‍മ്മാണത്തിന് എംഎല്‍എ ആവശ്യപ്പെട്ടു. കനാലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചും എംഎല്‍എ ആരാഞ്ഞു.

വാഴാനി കനാലില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം മെയിന്റനന്‍സിന് ഞായറാഴ്ച മുതല്‍ തുടക്കമിടുന്ന കാര്യം ചീഫ് എഞ്ചിനീയര്‍  സൂചിപ്പിച്ചു. പ്രോജക്ട് രണ്ട് ചീഫ് എഞ്ചിനീയര്‍ ടി ജി സെന്‍, ഐഡിആര്‍ബി ചീഫ് എഞ്ചിനീയര്‍ ഷംസുദ്ദീന്‍, മെക്കാനിക്കല്‍ ചീഫ് എഞ്ചിനീയര്‍ വി ആര്‍ ഷാജി, ഐസിസി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സലീം, കെ രാധാകൃഷ്ണന്‍, കെ ബാലശങ്കര്‍, കെഎം ജോയ്, പി ബി സുമ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍, വൈസ് പ്രസിഡന്റ് കെ പി ശ്രീജയന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പത്മകുമാര്‍ തുടങ്ങിയവര്‍ എംഎല്‍എയെ അനുഗമിച്ചു.
 


പ്രധാന വാർത്തകൾ
Top