Top
18
Monday, December 2017
About UsE-Paper

റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്; വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ്

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള  പാക്കേജും മന്ത്രിസഭ അംഗീകരിച്ചു.

റേഷന്‍ ചില്ലറ വ്യാപാരികള്‍ക്കുള്ള പാക്കേജിന് 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വില്‍പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്‍റെ അളവും 2018 മാര്‍ച്ച് 31-നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.

45 ക്വിന്റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്‍റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും.

കൂടാതെ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരും.

 വിഴഞ്ഞത്തെ മല്‍സ്യത്തൊഴിലാളി പദ്ധതിക്ക് 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്. തുറമുഖ നിര്‍മ്മാണം നടക്കുന്നതിനാല്‍ വിഴിഞ്ഞം സൌത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിര്‍മ്മാണം നടക്കുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഓയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്