23 September Sunday

അവിശ്വാസപ്രമേയം പാസായി; കാറഡുക്കയിൽ 18 വർഷത്തെ ബിജെപി ഭരണത്തിന്‌ അന്ത്യം

സ്വന്തം ലേഖകൻUpdated: Friday Aug 3, 2018



മുള്ളേരിയ  (കാസർകോട്‌)
കാറഡുക്ക പഞ്ചായത്തിൽ പതിനെട്ട് വർഷമായി തുടരുന്ന ബിജെപി ഭരണം അവസാനിച്ചു.  പ്രസിഡന്റ്‌  ജി സ്വപ്‌നയ്‌ക്കെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ എട്ട്‌ വോട്ടിന്‌ പാസായി. വൈസ്‌ പ്രസിഡന്റ്‌  കെ ഗോപാലകൃഷ്ണയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശനിയാഴ്‌ച ചർച്ചചെയ്യും.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഐ എമ്മിലെ എ വിജയകുമാർ നൽകിയ അവിശ്വാസമാണ്‌ പാസായത്‌. ബിജെപി  നേതൃത്വത്തിലുള്ള ഭരണസമിതിയുടെ വർഗീയ പ്രീണനവും വികസന സ്തംഭനവും മുൻനിർത്തിയാണ‌് എൽഡിഎഫ്‌ അവിശ്വാസ പ്രമേയ നോട്ടീസ്‌ നൽകിയത്‌. 15 അംഗ ഭരണസമിതിയിൽ സിപിഐ എം‐ മൂന്ന്‌, സിപിഐ എം സ്വതന്ത്രർ ‐രണ്ട്‌, മുസ്ലിം ലീഗ്‌‐ രണ്ട്‌, സ്വതന്ത്രൻ‐ ഒന്ന്‌  എന്നിവരാണ് അനുകൂലിച്ചത്.

ഏഴംഗങ്ങൾ മാത്രമുള്ള ബിജെപിക്ക‌് ഭൂരിപക്ഷമുണ്ടായിരുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും വികസനമില്ലായ്മയും ചുണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങളും  പ്രമേയത്തെ പിന്തുണച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയായിരുന്നു വരണാധികാരി.  രാവിലെ പത്തരയ്ക്ക് യോഗം  ആരംഭിച്ചു.  പതിനൊന്നരയോടെ ഫലം പുറത്തുവന്നു. അവിശ്വാസത്തിന്റെ ഫലമറിയാൻ നൂറുകണക്കിനാളുകൾ പഞ്ചായത്തോഫീസിന് പുറത്ത് തടിച്ചുകൂടി. പതിനെട്ട് വർഷത്തെ വികസന മുരടിപ്പ് തുറന്നുകാണിക്കാൻ  അവിശ്വാസംകൊണ്ട് സാധിച്ചെന്ന് നോട്ടീസ്‌  നൽകിയ എ വിജയകുമാർ പറഞ്ഞു. പഞ്ചായത്തിലെ സ്വജനപക്ഷപാത ഭരണത്തെ താഴെയിറക്കാൻ പ്രമേയത്തെ പിന്തുണച്ചതായി  സ്വതന്ത്ര അംഗം വിനോദൻ നമ്പ്യാർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top