പൊലീസിന് ലാലിന്റെ അഭിനന്ദനം; ആന്റോ ജോസഫിനെതിരായ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും താരം

കൊച്ചി>യുവനടിയെ ആക്രമിച്ച പ്രതി പള്‍സര്‍സുനിയെ പിടികൂടിയതില്‍ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് നടന്‍ ലാല്‍. ഇപ്പോര്‍ സംസാരിക്കേണ്ടത് വേട്ടക്കാരന് വേണ്ടിയല്ലെന്നും ഇരക്ക് വേണ്ടിയാണെന്നും ലാല്‍ പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട ദിവസം നിര്‍മാതാവ് ആന്റോ ജോസഫിനെ വീട്ടില്‍ വിളിച്ചുവരുത്തിയത് താനായിരുന്നെന്നും എന്നാല്‍ ആന്റോയെപറ്റി വിവാദങ്ങള്‍ ഉയര്‍ന്നത് വിഷമിപ്പിച്ചുവെന്നും ലാല്‍ പറഞ്ഞു.ആക്രമിക്കപ്പെട്ട നടി അഭയം തേടി രാത്രി എത്തിയത് ലാലിന്റെ വീട്ടിലായിരുന്നു.
വിവരമറിഞ്ഞതോടെ ആന്റോയെ താന്‍ വിളിച്ചുവരുത്തുകയായിരുന്നു വെന്നും രാവിലെ വരെ ആന്റോ ഒപ്പമുണ്ടായിരുന്നുവെന്നും ലാല്‍ പറഞ്ഞു. വിവാദമുണ്ടായതില്‍ ആന്റോയെക്കാളും വിഷമം തനിക്കാണ്. ഇനി ഇങ്ങനെയൊരു പ്രശ്നമുണ്ടായാല്‍ ആന്റോ വരുമോ? ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. ലാല്‍ പറഞ്ഞു.
എന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ടെന്‍ഷല്‍ ഇല്ലായിരുന്നു. ജനങ്ങള്‍ എന്നെ സംശയിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്റെ പേര് ചില പത്രങ്ങളില്‍ വന്നിരുന്നു. ഊഹാപോഹക്കഥകള്‍ ഉണ്ടാക്കുമ്പോള്‍ അതൊരാളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഓര്‍ക്കണം.
സംഭവദിവസം കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ആദ്യം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഏകദേശം ഒരു ധാരണകിട്ടിയപ്പോള്‍ ബെഹ്റ സാറിനെ വിളിച്ചു. വളരെ പെട്ടന്ന് തന്നെ പൊലീസ് സ്ഥലത്തെത്തി. അവരുടെ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്.
തന്റെ മകന്‍ ചെയ്യുന്ന സിനിമയില്‍ കല്യാണരംഗം ഉണ്ട്. അതിനായി കുറേ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വേണമായിരുന്നു. പത്ത് ദിവസം വേണമായിരുന്നു ആ കല്യാണരംഗം ഷൂട്ട് ചെയ്യാന്‍. അതിന് വേണ്ടി വിളിച്ച ഒരു ടെംപോ ട്രാവലറിന്റെ ഡ്രൈവറായിരുന്നു സുനി. അതിമിടുക്കനായ ആളായിരുന്നു ഈ സുനി. പിന്നീട് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വീട്ടിലെ തന്നെ വണ്ടികള്‍ സിനിമയ്ക്കായി ഓടാന്‍ കൊടുത്തു.എന്നാല്‍ ഇയാള്‍ ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല.
പിന്നീട് ഡബ്ബിങിനും മറ്റു ആവശ്യങ്ങള്‍ക്കും ഈ വണ്ടികള്‍ ആണ് ഓടിയിരുന്നത്. ഹണീബി 2 ന്‍റെ ഷൂട്ടിങ്ങിനല്ല പകരം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് അന്ന് നടിക്കു വണ്ടി വിട്ടുകൊടുത്തത്.
സിനിമയില്‍ ന്യൂജനറേഷന്‍ എന്നതിനെ കളിയാക്കുന്ന രീതി കണ്ടു. കുറേ പിള്ളേര് കൂടി മയക്കുമരുന്നും കഞ്ചാവും വലിച്ച് സിനിമ ഉണ്ടാക്കുന്നു എന്നാണ് ഇവര്‍ പറഞ്ഞുവരുത്തുന്നത്. പഴയതലമുറയിലെ ആളുകളെ വിളിച്ച് ചോദിച്ച് നോക്കൂ. മദ്യം പോലും ഉപയോഗിച്ച് സിനിമയില്‍ അഭിനയിക്കുന്ന ആരെപോലും ഞാന്‍ കണ്ടിട്ടില്ല. ഇത്തരം പ്രചരണം നടത്തുന്നവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഏത് സിനിമാസെറ്റിലാണെന്ന് വ്യക്തമാക്കണമെന്നും ലാല്‍ പറഞ്ഞു.










0 comments