22 October Monday

അഭിമന്യു വധം കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday Jul 29, 2018


കൊച്ചി > മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ‌് അഭിമന്യുവിനെ അരുംകൊല ചെയ്യാൻ കത്തിയടക്കമുള്ള ആയുധം എത്തിച്ചത‌് സനീഷ‌്. കത്തിക്കു പുറമെ ഇടിക്കട്ടയും വടിവാളും വടിയും ഇയാൾ കോളേജിൽ എത്തിച്ചതായി പൊലീസ‌് കോടതിയിൽ നൽകിയ റിമാൻഡ‌് റിപ്പോർട്ടിൽ പറഞ്ഞു. പള്ളുരുത്തി സ്വദേശി സനീഷിനെ അങ്കമാലിയിൽനിന്ന‌് കഴിഞ്ഞ ദിവസമാണ‌് പിടികൂടിയത‌്. പള്ളുരുത്തിയിൽ നിന്നുള്ള കൊലയാളി സംഘത്തിന്റെ  നേതൃത്വം സനീഷിനായിരുന്നു.

അഭിമന്യുവിനെ കുത്തുന്നതിനു മുമ്പ‌് കത്തിവീശി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇനി  എട്ട‌് പ്രധാന പ്രതികൾകൂടി പിടിയിലാകാനുണ്ടെന്ന‌ും റിപ്പോർട്ടിലുണ്ട‌്. മൂന്നു കൊലയാളി സംഘങ്ങളെ റിക്രൂട്ട‌് ചെയ‌്ത ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാർ, നൗഷാദ്, അബ്ദുൾ നാസർ എന്നിവരാണ് ഒളിവിൽ കഴിയുന്നത‌്. ഇവർ എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരും കൊലയാളി സംഘാംഗങ്ങളുമാണ‌്.

കൊലപാതകം ആസൂത്രിതമാണെന്നും ആക്രമിക്കാനെത്തിയ എസ്ഡിപിഐ‐പോപ്പുലർഫ്രണ്ട് പ്രവർത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളേജിന് സമീപം വാഹനവുമായി തയ്യാറെടുത്ത് നിന്നിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ‌്റ്റിലായ  മുഖ്യപ്രതി, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ കോടതി റിമാൻഡ‌് ചെയ‌്തു. ഇയാളിൽ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച‌് വിവരം ലഭിച്ചത്. അഭിമന്യുവിനെ ആക്രമിക്കാൻ കൊലയാളിസംഘത്തെ വിളിച്ചുവരുത്തിയത് മുഹമ്മദ് റിഫയായിരുന്നു.

ചുവരെഴുത്ത‌് പ്രശ്‌നങ്ങളിൽ തുടക്കം മുതൽ റിഫ ബന്ധപ്പെട്ടിരുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും റിഫയ്ക്ക് നിർണായക പങ്കാളിത്തം ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top