23 September Sunday

അഭിമന്യു കൊല്ലപ്പെട്ടിട്ട‌് ഒരു മാസം ;കൊലയാളി സംഘത്തിലെ പകുതിയോളംപേർ ജയിലിൽ

സ്വന്തം ലേഖകൻUpdated: Friday Aug 3, 2018

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യു കൊല്ലപ്പെട്ടിട്ട‌് വ്യാഴാഴ‌്ച ഒരു മാസം പിന്നിട്ടു.  വർഗീയതീവ്രവാദത്തിന്റെ  അടിവേരറുക്കാനുള്ള പോരാട്ടത്തിനൊപ്പമാണ‌് ഇന്ന‌് ജാതിമതഭേദമന്യേ മലയാളിമനസ്സ‌്.

കൊലയാളികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള അന്വേഷണം അതിവേഗം മുന്നേറുന്നു. മുഖ്യപ്രതികളടക്കം 15 പേരാണ‌്
പിടിയിലായത‌്. ക്യാമ്പസ‌് ഫ്രണ്ട‌് എന്ന വർഗീയസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും ഇതിൽ ഉൾപ്പെടും. കൊലയാളി സംഘത്തിലുണ്ടായിരുന്ന പകുതിയോളം പേർ ജയിലഴിക്കുള്ളിലായി.  പോപ്പുലർഫ്രണ്ട‌് എന്ന തീവ്രവാദി സംഘടനയുടെ സർവ പിന്തുണയോടെയും ഒളിവിൽകഴിയുന്ന ബാക്കിയുള്ളവർക്കായി അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക‌് വ്യാപിപ്പിച്ചു.

ജൂലൈ രണ്ടിന‌് പുലർച്ചെ ഒന്നരയോടെയാണ‌് മാരകായുധങ്ങളുമായി എത്തിയ പോപ്പുലർഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌് അക്രമിസംഘം  അഭിമന്യുവിനെയും അർജുനെയും വിനീതിനെയും കുത്തിവീഴ‌്ത്തിയത‌്. അർജുനും വിനീതിനും കഷ്ടിച്ചാണ‌് ജീവൻ തിരിച്ചുകിട്ടിയത‌്.
മലയാളി നടുക്കത്തോടെയാണ‌് ആ വാർത്ത കേട്ടത‌്. രാവിലെ മുതൽ മഹാരാജാസിലേക്ക‌് ജനങ്ങൾ ഒഴുകി.

ആ പ്രവാഹം വട്ടവട കൊട്ടക്കാമ്പൂരിലെ അഭിമന്യുവിന്റെ ഒറ്റമുറി വീട്ടിലേക്ക‌് ഇപ്പോഴും തുടരുന്നു. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം മുന്നിട്ടിറങ്ങിപ്പോൾ വിവിധ രാജ്യങ്ങളിൽനിന്ന‌് സഹായം എത്തി. അതിപ്പോഴും തുടരുന്നു. ഇടുക്കി, എറണാകുളം ജില്ലാ കമ്മിറ്റികൾ മാത്രമാണ‌് ഹുണ്ടികപ്പിരിവിനിറങ്ങിയത‌്. 2.75 കോടിയിലധികം രൂപയാണ‌് ചുരുങ്ങിയ ദിവസത്തിൽ ശേഖരിച്ചത‌്.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരിൽ വാങ്ങിയ 10 സെന്റ‌് സ്ഥലത്ത‌് അഭിമന്യുവിന്റെ കുടുംബത്തിനായി നിർമിക്കുന്ന പുതിയ വീടിന്റെ പണി പുരോഗമിക്കുകയാണ‌്. മൂന്നു മാസത്തിനകം പൂർത്തിയാക്കും. അഭിമന്യുവിന്റെ ഏറ്റവും വലിയ സ്വപ‌്നങ്ങളിലൊന്നായ  ലൈബ്രറി സ്ഥാപിക്കാൻ പഞ്ചായത്ത‌് അധികൃതർതന്നെ മുന്നിട്ടിറങ്ങി. ‘അഭിമന്യു മഹാരാജാസ‌്’ എന്നു പേരിട്ട ലൈബ്രറിയിലേക്ക‌്  ഇതുവരെ എത്തിയത‌് ലക്ഷത്തിലേറെ പുസ‌്തകങ്ങൾ.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top