11 December Tuesday
വിദ്യാർഥികൾക്കുനേരെ കത്തി വീശിയ സനീഷും കസ‌്റ്റഡിയിൽ

അഭിമന്യു വധം: ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി 5 ദിവസം പൊലീസ‌് കസ‌്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആസൂത്രകനും ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ‌് റിഫ, 26 ﹣ാം പ്രതി പള്ളുരുത്തി സ്വദേശി സനീഷ‌് എന്നിവരെ അഞ്ച‌് ദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച കത്തിയും മൊബൈൽ ഫോണും മറ്റും കണ്ടെടുക്കാൻ കസ‌്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷയിലാണ‌് എറണാകുളം ഒന്നാം ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി(രണ്ട‌്)യുടെ ഉത്തരവ‌്.

മഹാരാജാസ‌് കോളേജിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നേരിട്ട‌് പങ്കാളിയാണ‌് മുഹമ്മദ‌് റിഫയെന്ന‌് അന്വേഷണസംഘം കോടതിയിൽ നൽകിയ കസ‌്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. മഹാരാജാസിൽ മറ്റ‌് ജില്ലകളിൽ നിന്നുള്ള കൊലയാളികളെ എത്തിച്ചത‌് റിഫയാണ‌്. കൊലപാതകം ഉൾപ്പെടെ ആസൂത്രണം ചെയ‌്ത ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി യോഗത്തിലും റിഫ പങ്കെടുത്തു. അഭിമന്യു, അർജുൻ, വിനീത‌് എന്നിവരെ കുത്തിവീഴ‌്ത്തിയശേഷം പ്രതികൾക്ക‌് രക്ഷപ്പെടാൻ സഹായമൊരുക്കിയതും റിഫയായിരുന്നുവെന്ന‌് കസ‌്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.

നിഷ‌്ഠൂരമായ കൊലയ‌്ക്ക‌് ശേഷം തെളിവു നശിപ്പിക്കാനും ഇയാൾ നേതൃത്വം നൽകിയെന്ന‌് പൊലീസ‌് കണ്ടെത്തിയിരുന്നു. സംഭവത്തിന‌് ശേഷം ബംഗളരൂവിൽ ഒളിവിൽ കഴിയുകയായിരുന്ന റിഫയെ കഴിഞ്ഞ 26നാണ‌് പിടികൂടിയത‌്. കണ്ണൂർ കൂത്തുപറമ്പ‌് സ്വദേശിയായ റിഫ പൂത്തോട്ടയിലെ സ്വകാര്യ കോളേജിൽ നിയമ ബിരുദ വിദ്യാർഥിയാണ‌്. റിഫ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തേണ്ടതുണ്ടെന്നും കൊലപാതകത്തിൽ നേരിട്ട‌് പങ്കാളിയായിട്ടുണ്ടോയെന്ന‌ കാര്യത്തിൽ കൃത്യത വരുത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ‌് കസ‌്റ്റഡി അപേക്ഷയിൽ പറഞ്ഞു. എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസ‌് കേന്ദ്രീകരിച്ചായിരുന്നു കൊലപാതകം ആസൂത്രണം നടത്തിയത‌്. പോപ്പുലർ ഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ടുകാരുടെ എറണാകുളത്തെ താവളമാണ‌ിത‌്.

സംഭവ ദിവസം മഹാരാജാസിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത‌് പള്ളുരുത്തി സ്വദേശിയായ സനീഷാണ‌്. പോപ്പുലർ ഫ്രണ്ടിന്റെ തൊഴിലാളി സംഘടനയുടെ പ്രവർത്തകനായ സനീഷ‌ിനെ അങ്കമാലിയിൽ നിന്നാണ‌് പൊലീസ‌് പിടികൂടിയത‌്. കലാപ ഗൂഢാലോചനയിൽ പങ്കാളിയായ സനീഷ‌്, എസ‌്എഫ‌്ഐ പ്രവർത്തകരെ തടഞ്ഞ‌് നിർത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്ന‌് കസ‌്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട‌്. ക്യാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ ക്രിമിനലുകൾക്കൊപ്പം ആയുധങ്ങളുമായെത്തിയ സനീഷ‌് സംഭവത്തിന‌് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുപയോഗിച്ച കത്തി കണ്ടെത്തേണ്ടതുണ്ടെന്ന‌് കസ‌്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.

കേസിൽ ഇരുവരും  ഉപയോഗിച്ച മൊബൈൽ ഫോണുകളും ആയുധങ്ങളും കണ്ടെത്തണം. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത മറ്റു പ്രതികളെ പിടികൂടേണ്ടതുണ്ടെന്നും പൊലീസ‌് അറിയിച്ചു. ശനിയാഴ‌്ചവരെയാണ‌് ഇരുവരെയും പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടിട്ടുള്ളത‌്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ‌്. കേസിൽ ഇതുവരെ 15 പേരെയാണ‌് പിടികുടിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top