14 November Wednesday
എൻഐഎയിൽ നിന്നു വിവരം ശേഖരിച്ചു

അഭിമന്യു വധം: ഒരാൾകൂടി പിടിയിൽ; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി മണ്ഡലം പ്രസിഡന്റ്

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

കൊച്ചി > മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാളെകൂടി പൊലീസ‌് പിടികൂടി. മട്ടാഞ്ചേരി സ്വദേശി അനസിനെയാണ‌് കസ‌്റ്റഡിയിലെടുത്തത‌്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.

നേരത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത അനസിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ‌് ചോദ്യംചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത‌്.  പോപ്പുലർ ഫ്രണ്ട് കൊച്ചി മണ്ഡലം പ്രസിഡന്റാണ് ഇയാളെന്ന് പൊലീസ‌് പറഞ്ഞു. ഹാദിയാ വിഷയത്തിൽ  ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിലാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നതിന‌് തെളിവു ലഭിച്ചിട്ടുണ്ട‌്. ചൊവ്വാഴ‌്ച അറസ‌്റ്റ‌് രേഖപ്പെടുത്തും.

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളെക്കുറിച്ച‌് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യിൽനിന്ന് പൊലീസ‌് വിവരങ്ങൾ ശേഖരിച്ചു. ഈ കേസിലെ  ഒരു പ്രതിക്ക‌് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുണ്ടായിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ‌് നടപടി. പോപ്പുലർ ഫ്രണ്ട് നേതാവായ ഇയാൾ പ്രതികൾക്ക് താവളം ഒരുക്കിയെന്നാണ് കരുതുന്നത്. പ്രതികൾക്ക് പരിശീലനം നൽകിയതിലും കൊലപാതകം ആസൂത്രണം നടത്തിയതിലും  ഇയാൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസിലാണ് പ്രതികൾ തങ്ങിയിരുന്നത്.

 ഐജി വിജയ‌് സാഖറെയുടെ സാന്നിധ്യത്തിൽ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതു സംബന്ധിച്ച‌് കമീഷണർ എം പി ദിനേശ‌് ഡയറ‌ക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുമായി ചർച്ച നടത്തി.

പ്രധാന വാർത്തകൾ
Top