23 September Sunday

ആധാർ ലിങ്കിങ്ങിൽ കൂട്ടക്കുഴപ്പം ,ആയിരക്കണക്കിന് എസ‌്ബിഐ അക്കൗണ്ടുകൾ ബ്ലോക്കായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018



കണ്ണൂർ
അക്കൗണ്ടുകൾ പൊടുന്നനെ ബ്ലോക്കായതിനെ തുടർന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് എസ്ബിഐ ഉപഭോക്താക്കൾ വലയുന്നു. ഈ മാസം ഒന്നുമുതലാണ് എസ്ബിഐ അക്കൗണ്ടുകൾ കൂട്ടത്തോടെ ബ്ലോക്കായത്. കണ്ണൂർ ബാങ്ക് റോഡിലെ മെയിൻ ബ്രാഞ്ചിൽമാത്രം ഒരാഴ്ചക്കിടെ നൂറിൽപരം പേരുടെ അക്കൗണ്ട‌്   പ്രവർത്തനരഹിതമായി. കാൽടെക്സ് ബ്രാഞ്ചിൽ 72 പേർ പരാതിയുമായെത്തി. ആധാർ കാർഡ് ലിങ്ക് ചെയ്തതിലെ അപാകമാണ് കാരണമെന്ന‌് പറയുന്നുണ്ടെങ്കിലും ലക്ഷ്യം തികയ്ക്കാൻ   ഉപഭോക്താക്കളുടെ തെറ്റായ നമ്പറുകൾ അപ്ലോഡ് ചെയ്തതാണ് പ്രതിസന്ധിക്കുകാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരാത്തതിനാൽ ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന നിർദേശം ബാങ്കുകൾക്ക് ഇനിയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല.  കെവൈസി (നോ യുവർ കസ്റ്റമർ) പദ്ധതിയുടെ മറവിൽ ഇതുകർക്കശമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ അധികൃതർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസാവസാനം കേരള ജനറൽ മാനേജരെയും ഡെപ്യൂട്ടി ജനറൽ മാനേജരെയും മുംബൈയിലേക്കു വിളിപ്പിച്ചതായും അറിയുന്നു. തുടർന്ന് നിശ്ചിതകാലയളവിനുള്ളിൽ ആധാർലിങ്കിങ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് റീജണൽ മാനേജർമാർക്കും നിർദേശം ലഭിച്ചു. ഓരോ മേഖലയിലെയും ടാർഗറ്റ് തികയ്ക്കാനുള്ള വെപ്രാളത്തിനിടെ ധാരാളം വ്യാജ നമ്പറുകളും അപ്ലോഡ് ചെയ്യപ്പെട്ടതായാണ് ആക്ഷേപം.

എടിഎമ്മിൽ ചെന്ന് പണമെടുക്കാൻ ശ്രമിക്കുമ്പോഴാണ് പലരും അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്നത്. ബാങ്ക് ബ്രാഞ്ചുകളിൽ ചെന്ന് അന്വേഷിക്കുമ്പോൾ ആദ്യമെല്ലാം അധികൃതർ കൈമലർത്തുകയായിരുന്നു. ആധാർ കാർഡിൽ പേരിലെ അക്ഷരത്തെറ്റോ ജനനത്തീയതിയിലെ പിശകോ മറ്റോ ആകാം കാരണമെന്നു പറഞ്ഞ് മടക്കുകയായിരുന്നു പല മാനേജർമാരും. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top