22 September Saturday

സംസ്ഥാനത്ത്‌ 3500 സഹകരണ ഓണച്ചന്തകൾ വഴി; കുറഞ്ഞ വിലയ്ക്ക്‌ 41 ഇനം സാധനങ്ങള്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

തിരുവനന്തപുരം > ഓണക്കാലത്ത് വിപണിയിൽ ഇടപെടാൻ സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍. ആഗസ്റ്റ് 14 മുതൽ 24 വരെ 10 ദിവസം കേരളത്തിന്റെ നഗര‐ഗ്രാമപ്രദേശങ്ങളില്‍ കൺസ്യൂമർ ഫെഡറേഷന്റെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, നീതി സ്റ്റോറുകള്‍, ഫിഷര്‍മാന്‍ സഹകരണ സംഘങ്ങള്‍, വനിത സഹകരണ സംഘം, എസ്‌സി‐എസ്ടി സഹകരണ സംഘം, ജില്ലാ കണ്‍സ്യൂമര്‍ സഹകരണ സ്റ്റോര്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്.

പൊതുവിപണിയില്‍ നിലവിലുള്ള വിലയേക്കാള്‍ കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്കില്‍ ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാക്കും. സബ്സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

പായസം, ആട്ട, മൈദ, എന്നിവയും മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നീ തുടങ്ങിയ ഇനങ്ങളും ഓണച്ചന്തയിൽ ലഭ്യമാകും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്നും എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയിൽ സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കും. കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലാബുകളിൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top